ന്യൂദൽഹി- സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് സിബിഐ അനുരാഗ് കശ്യപ് ഫിലിംസ്, യു എഫ് ഒ മൂവീസ്, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേന്ദ്ര വിവര, സംപ്രേക്ഷണ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. എന്നാൽ അനുരാഗ് കശ്യപിന്റെ പേര് പ്രാഥമിക അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഒരു മാസം മുമ്പാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് സംവിധായകനായ കശ്യപ് പറഞ്ഞു. അന്വേഷണത്തെ കുറിച്ചുള്ള വാർത്ത തെറ്റാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതുവരെ യാതൊരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ മാത്രമാണ് ലഭിക്കുന്നത്. അത്തരമൊരു കത്തിന്റെ കോപ്പിയുണ്ടെങ്കിൽ അതിന്റെ സ്‌ക്രീൻഷോട്ട് തനിക്ക് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ രേഖകൾ ആവശ്യപ്പെട്ട് കൊണ്ട് സിബിഐ എൻ ഡി എഫ് സിയ്ക്ക് കത്തെഴുതി.
സിനിമാ മേഖലയ്ക്ക് പണം നൽകുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്ന എൻ ഡി എഫ് സി അനുരാഗ് കശ്യപ് ഫിലിംസിനും മറ്റ് സിനിമാ കമ്പനികൾക്കും പ്രത്യേക പരിഗണന നൽകിയെന്നാണ് സംശയം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. സിബിഐ തെളിവുകൾ കണ്ടെത്തുകയാണെങ്കിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും. ബിജെപി അനുകൂല ട്വിറ്റർ ഹാൻഡിലുകളിൽ നിന്നും സൈബർ ആക്രമണം നേരിട്ടതിനെ തുടർന്ന് മാസങ്ങളോളം ട്വിറ്റർ ഉപേക്ഷിച്ച കശ്യപ് പൗരത്വ നിയമത്തിനെതിരായി കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.