Sorry, you need to enable JavaScript to visit this website.

അജിത് പവാർ തന്നെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ- നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. ഈ മാസം മുപ്പതിന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ വികസനം നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നേരത്തെ ശിവസേന-എൻ.സി.പി-കോൺഗ്രസ് ചർച്ച നടക്കുന്നതിനിടെ അജിത് പവാർ ബി.ജെ.പി നേതാവ് ഫഡ്‌നാവിസിനൊപ്പം ചേർന്ന് ഈ നീക്കത്തെ അട്ടിമറിച്ചിരുന്നു. ഫഡ്‌നാവിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഘട്ടത്തിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. എന്നാൽ എൻ.സി.പിയിലെ മറ്റ് എം.എൽ.എമാരുടെ പിന്തുണ ലഭിക്കാതായതോടെ അട്ടിമറി നീക്കം പരാജയപ്പെടുകയും പവാർ തിരിച്ച് എൻ.സി.പി പാളയത്തിലേക്ക് തന്നെ വരികയും ചെയ്തു. ഫഡ്‌നാവിസിനൊപ്പം എൺപത് മണിക്കൂർ മാത്രമായിരുന്നു അജിത് പവാർ ഉപമുഖ്യമന്ത്രി പദവിയിൽ ഇരുന്നത്. എൻ.സി.പിയിലേക്ക് തിരിച്ചെത്തിയ അജിത് പവാറിന് ബന്ധുവും പാർട്ടി നേതാവുമായ ശരദ് പവാർ ഉപമുഖ്യമന്ത്രി പദവിയും വാഗ്ദാനം ചെയ്തു. ഏകകണ്ഠമായാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്ന് ശരദ് പവാർ അറിയിച്ചു.
 

Latest News