ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സമരം നടത്തുന്നതിനിടെ പോലീസ് വെടിവച്ചു കൊന്നവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയിയേയും പ്രിയങ്ക ഗാന്ധിയേയും വഴിയില്‍ തടഞ്ഞ് തിരിച്ചയച്ചു. മീറത്തില്‍ കൊല്ലപ്പെട്ട ആറു പേരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനാണ് രാഹുലും പ്രിയങ്കയും ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ടിരുന്നത്. ഇവരുടെ വാഹന വ്യൂഹത്തെ തടഞ്ഞ പോലീസ് മീറത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് ഇവിടെ ആളുകള്‍ ഒത്തു കൂടുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിനെയും സംഘത്തേയും പോലീസ് തടഞ്ഞത്. ഇതോടെ സംഘം ദല്‍ഹിയിലേക്കു തന്നെ തിരിച്ചു. ദല്‍ഹിയില്‍ നിന്നും 60 കിലോമീറ്ററോളം അകലെയാണ് യുപിയിലെ മീറത്ത്.
വിലക്കു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകളുണ്ടെങ്കില്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് കാണിച്ചില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. ദയവു ചെയ്ത് തിരിച്ചു പോകണമെന്നു മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മീറത്തില്‍ എന്തെങ്കില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ വ്യക്തിപരമായി ഉത്തരവാദികളാകുമെന്ന് അറിയിച്ചപ്പോള്‍ രാഹുലും പ്രിയങ്കയും തിരിച്ചു പോകുകയായിരുന്നെന്ന് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം ബിജ്‌നോറില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ പ്രിയങ്ക അപ്രതീക്ഷിതമായി സന്ദര്‍ശിച്ചിരുന്നു.