ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ ദൽഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ ദൽഹിയിൽ നടത്തുന്ന പ്രതിഷേധത്തെ നേരിടാൻ പോലീസ് രംഗത്ത്. ദൽഹി മാണ്ഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് പോലീസ് നിരോധനം ഏർപ്പെടുത്തി. പത്തുദിവസത്തോളമായി ജാമിഅയിലെ വിദ്യാർഥികൾ നടത്തുന്ന സമരം ദിനംപ്രതി കരുത്താർജ്ജിക്കുകയാണ്. ഇന്ന് മാണ്ഡിയിൽനിന്ന് ജന്ദർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് ജാമിഅ വിദ്യാർഥികൾ നേരത്തെ അറിയിച്ചിരുന്നു. ജാമിഅ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മണ്ഡിഹൗസിൽ നിന്നു ജന്തർ മന്ദറിലേക്ക് വമ്പൻ പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തത്. ഇത് നേരിടാനാണ് പോലീസ് 144 പ്രഖ്യാപിച്ചത്. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. റാലിക്ക് അനുമതി തേടി വിദ്യാർഥികൾ അധികൃതരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ജാമിഅയിലെ അധ്യാപകർ ഇന്നലെ ഇന്ത്യാഗേറ്റിൽ മെഴുക് തിരി തെളിയിച്ചു പ്രതിഷേധിച്ചു.
പൗരത്വനിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. ദൽഹിയിലെ ഉത്തർപ്രദേശ് ഭവനു മുന്നിൽ പ്രതിഷേധിച്ച 46 വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 27 വനിതകളും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് എൻ. സായി ബാലാജി, ഐസ ഡൽഹി പ്രസിഡന്റ് കവൽപ്രീത് കൗർ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിലായ തന്നെ പോലീസ് മർദിച്ചുവെന്ന് കൗർ പറഞ്ഞു. ഉത്തർപ്രദേശ് ഭവന് മുന്നിൽ ഇന്നലെ പ്രതിഷേധിച്ച മുസ്ലിം യൂത്ത് ലീഗ് നേതാക്കളെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആന്ധ്രയിൽ പൗരത്വ രജിസ്‌ട്രേഷൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പറഞ്ഞു. പശ്ചിമ ബംഗാളിലെ ജാധവ്പൂർ സർവകലാശാലയിലെത്തിയ ഗവർണർ ജഗദീപ് ധൻകാറിനെ വിദ്യാർഥികൾ കരിങ്കൊടി കാണിച്ചു.
പൗരത്വ നിയമത്തിന്റെയും പൗരത്വ രജിസ്‌ട്രേഷനെയും കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടു തരത്തിലാണ് പറയുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. ഉത്തർ പ്രദേശിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 67 പേരുടെ ആസ്തികൾ പൊതുമുതൽ നശിപ്പിച്ചു എന്നാരോപിച്ചു സർക്കാർ കണ്ടുകെട്ടി. മധ്യപ്രദേശിലെ ജബൽപൂരിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചു. യുപിയിലും കർണാടകയിലും മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെ എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചു. ഉത്തർപ്രദേശിലെ മുസാഫർപൂരിൽ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.