ലഖ്‌നൗ- പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേരെ തങ്ങൾ വെടിയുതിർത്തിട്ടില്ലെന്ന മുൻവാദം തിരുത്തി യു.പി പോലീസ്. യു.പിയിലെ ബിജ്‌നോറിൽ സമരത്തിന് നേരെ വെടിവെച്ചതായും ഇതിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും പോലീസ് സമ്മതിച്ചു. സമരത്തിന് നേരെ ഇതേവരെ ഒരു തവണ പോലും വെടിയുതിർട്ടില്ലെന്നായിരുന്നു യു.പി പോലീസ് അവകാശപ്പെട്ടിരുന്നത്. ഒരു വെടിയുണ്ട പോലും ഉതിർത്തിട്ടില്ലെന്ന ഡി.ജി.പിയുടെ വാദത്തെ തള്ളിയാണ് ബിജ്‌നോർ പൊലീസ് ഇക്കാര്യം സമ്മതിച്ചത്.
വെള്ളിയാഴ്ച ഉത്തർപ്രദേശിൽ ഏറ്റവുമധികം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സ്ഥലം ബിജ്‌നോറായിരുന്നു. തങ്ങൾ സ്വയരക്ഷാർഥം ഇരുപതുകാരനായ സുലൈമാന് നേർക്കു വെടിയുതിർത്തെന്നും ബിജ്‌നോർ പൊലീസ് മേധാവി പറഞ്ഞു. സുലൈമാൻ പിന്നീട് മരിച്ചിരുന്നു. യു.പി.എസ്.സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയായിരുന്നു സുലൈമാൻ. ജനക്കൂട്ടം പോലീസിന് നേരെ അക്രമാസക്തമായി നീങ്ങിയപ്പോഴാണ് വെടിവെച്ചതെന്നും പോലീസുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. അതേസമയം, തന്റെ സഹോദരനെ പള്ളിയിൽ പോയി മടങ്ങി വരുമ്പോഴാണ് പോലീസ് വെടിവെച്ചുകൊന്നതെന്ന് സുലൈമാന്റെ സഹോദരൻ ശുഹൈബ് മാലിക്ക് പറഞ്ഞു. തിരിച്ചുവരുന്ന സമയത്ത് പ്രദേശത്ത് ലാത്തിചാർജ്ജ് നടക്കുകയായിരുന്നു. പോലീസ് പിടികൂടിയ ഉടൻ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും സഹോദരൻ പറയുന്നു.
അനീസ് എന്നയാളും തങ്ങൾ നടത്തിയ വെടിവെപ്പിലാണു കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തിയിരുന്നു. ശനിയാഴ്ച കാൺപുരിൽ രണ്ടുപേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്തില്ലെന്ന അവകാശവാദവുമായി ഡി.ജി.പി ഒ.പി സിങ് രംഗത്തെത്തിയത്. നാടൻ തോക്കുകൾ ഉപയോഗിച്ച് പ്രതിഷേധക്കാരാണു വെടിവെച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഈ അവകാശവാദമാണ് പൊളിഞ്ഞിരിക്കുന്നത്. വെടിവെപ്പിൽ 57 പൊലീസുകാർക്കു പരിക്കേറ്റിരുന്നെന്നും പൊലീസ് വെടിവെപ്പിൽ ആരെങ്കിലും മരിച്ചിട്ടുണ്ടെന്നു സംശയമുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞിരുന്നു.