Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുട്ടികൾക്ക് ട്യൂഷനെടുത്ത് പഠിക്കാൻ പണം കണ്ടെത്തിയ യുവാവിനെയാണ്  യു.പി പോലീസ് വെടിവെച്ചുകൊന്നത്- പ്രിയങ്ക ഗാന്ധി

ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് യു.പി പോലീസ് വെടിവച്ചുകൊന്ന യുവാവിന്റെ വീട്ടിൽ നടത്തിയ സന്ദർശനത്തിനിടെയുണ്ടായ വികാരനിർഭര രംഗങ്ങൾ വിശദീകരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വഭേദഗതി നിയമത്തിനെതിരെ ദൽഹിയിൽ കോൺഗ്രസ് നടത്തിയ സത്യഗ്രഹത്തിലാണ് യു.പി അനുഭവം പ്രിയങ്ക വിവരിച്ചത്. 
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ വീടാണ് കഴിഞ്ഞദിവസം പ്രിയങ്ക സന്ദർശിച്ചത്. ബിജ്‌നോറിൽ കൊല്ലപ്പെട്ടത് യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന യുവാവായിരുന്നു. കുട്ടികൾക്ക് ട്യൂഷനെടുത്താണ് അയാൾ വരുമാനം കണ്ടെത്തിയിരുന്നത്. തന്റെ മകൻ ഈ സമൂഹത്തിന് വേണ്ടിയാണ് ജീവൻ നൽകിയതെന്ന് ആ ചെറുപ്പക്കാരന്റെ അമ്മ കരഞ്ഞുപറഞ്ഞുവെന്നും പ്രിയങ്ക വ്യക്തമാക്കി. കഴിഞ്ഞദിവസം വൈകിട്ട് അപ്രതീക്ഷിതമായാണ് പ്രിയങ്ക ബിജ്‌നോറിൽ കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെ വീടുകളിൽ എത്തിയത്. പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവർക്കും അറസ്റ്റ് ചെയ്യപ്പെട്ടവർക്കും വേണ്ടി എന്നു പറഞ്ഞാണ് പ്രിയങ്ക ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. 
ഭരണഘടനയെ സംരക്ഷിക്കേണ്ട അവസരമാണിത്. ഭരണഘടനയെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും പ്രിയങ്ക പറഞ്ഞു. 
ദേശീയ പൗരത്വ നിയമം നടപ്പാക്കാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ നീക്കത്തിനെതിരെ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് ദൽഹിയിൽ തുടക്കമായത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് പ്രതിഷേധത്തിന് തുടക്കമിട്ടത്. രാജ്യത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് മോഡി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ശത്രുരാജ്യങ്ങൾ പോലും ഇന്ത്യയോട് ചെയ്യാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സർക്കാരും ചെയ്തു കൊണ്ടിരിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. 
പ്രധാനമന്ത്രി വിദ്വേഷം മാത്രമേ പ്രചരിപ്പിക്കൂ എന്ന് രാജ്യത്തെ വിദ്യാർഥികൾക്കു മനസ്സിലായിരിക്കുന്നു. ഭാരത്മാതാ എന്ന വാക്ക് ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കാൻ അനുവദിക്കരുത്. എല്ലാ മതത്തിലും പെട്ടവർക്ക് വേണ്ടിയാണ് ഭരണഘടന നിർമിച്ചിരിക്കുന്നത്. ഭരണഘടനയെ ആക്രമിക്കാൻ അനുവദിക്കരുത്. 
കോൺഗ്രസിനോടല്ല മോഡി പൊരുതിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉയർന്നു കേൾക്കുന്നത് രാജ്യത്തിന്റെ ശബ്ദമാണ്. ആ ശബ്ദത്തോടാണ് മോഡി പോരടിക്കുന്നത്. ഇപ്പോൾ ഉയർന്നു കേൾക്കുന്നത് കോൺഗ്രസിന്റെ മാത്രം ശബ്ദമല്ല. ഭാരത് മാതാവിന്റെ ശബ്ദമാണെന്ന് മോഡിയും അമിത് ഷായും മനസ്സിലാക്കണം. വസ്ത്രമാണ് പ്രശ്‌നമെങ്കിൽ വസ്ത്രധാരണം കൊണ്ട് മോഡിയെ രാജ്യത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. മോഡി ധരിക്കുന്നത് പോലെ രാജ്യത്ത് ആരും രണ്ടു കോടി രൂപയുടെ സ്യൂട്ട് ധരിക്കുന്നില്ലെന്നും രാഹുൽ കടന്നാക്രമിച്ചു. 
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് രാജ്ഘട്ടിലെ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയത്. വന്ദേമാതരം ആലപിച്ചതിന് ശേഷം സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചതോടെ സത്യഗ്രഹം ആരംഭിച്ചു. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള നേതാക്കൾ ഭരണഘടനയുടെ ആമുഖം വായിച്ചു. എ.കെ ആന്റണി, കെ.സി വേണുഗോപാൽ, പി.സി ചാക്കോ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ആനന്ദ് ശർമ, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് എന്നിവരും സത്യഗ്രഹത്തിൽ പങ്കെടുത്തു. ഉച്ച കഴിഞ്ഞ് മൂന്നു മണി മുതൽ എട്ടു വരെയായിരുന്നു സത്യഗ്രഹം. 
മധ്യപ്രദേശിലും രാജസ്ഥാനിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാരായ കമൽനാഥും അശോക് ഗെഹ്‌ലോട്ടും ആവർത്തിച്ചു. ഭരണഘടനയെ മാനിക്കുന്നു. എന്നാൽ, തങ്ങളുടെ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നാണ് കോൺഗ്രസിന്റെ രണ്ടു മുഖ്യമന്ത്രിമാരും പറഞ്ഞത്. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളോട് രാഹുൽ ആഹ്വാനം ചെയ്തിരുന്നു.    പ്രിയപ്പെട്ട വിദ്യാർഥികളേ, ഇന്ത്യയിലെ യുവാക്കളേ, ഇന്ത്യക്കാരാണെന്ന് തോന്നിയാൽ മാത്രം മതിയാകില്ല. ഇതുപോലുള്ള സമയങ്ങളിൽ നിങ്ങൾ ഇന്ത്യക്കാരാണെന്നും വിദ്വേഷത്താൽ ഇന്ത്യയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കാണിച്ചു കൊടുക്കണം. മോഡിയും അമിത് ഷായും ഇന്ത്യക്കെതിരെ അഴിച്ചുവിട്ട വിദ്വേഷത്തിനും അക്രമത്തിനും എതിരെ നടക്കുന്ന സമരത്തിൽ ചേരുക എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 
ദക്ഷിണ കൊറിയയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ രാഹുൽ ഗാന്ധി നേരിട്ട് സമരത്തിനിറങ്ങുന്ന ആദ്യ പരിപാടിയായിരുന്നു ഇന്നലത്തേത്. ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി അനുമതി നിഷേധിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
 

Latest News