റാഞ്ചി - അമിത ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ബി.ജെ.പി ഝാർഖണ്ഡിൽ അസംബ്ലി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 81 അംഗ അസംബ്ലിയിൽ 65 സീറ്റുകൾ നേടി തുടർഭരണം എന്നതായിരുന്നു മുഖ്യമന്ത്രി രഘുബർ ദാസിന്റെയും പാർട്ടിയുടെയും ലക്ഷ്യം. എന്നാൽ ഫലം വന്നപ്പോൾ കിട്ടിയത് 25 സീറ്റ്. 30 സീറ്റുമായി ജെ.എം.എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ജംഷെഡ്പുർ ഈസ്റ്റിൽ മുഖ്യമന്ത്രി രഘുബർ ദാസിന്റെ തോൽവി ഇരട്ട പ്രഹരമായി. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമായിരിക്കുകയും ബി.ജെ.പി റിബൽ ആയി മത്സരിക്കുകയും ചെയ്ത സരയൂ റായിയാണ് പതിനായിരത്തിലേറെ വോട്ടുകൾക്ക് രഘുബർ ദാസിനെ തോൽപ്പിച്ചത്.
മുഖ്യമന്ത്രിക്കുപുറമെ, നിയമസഭാ സ്പീക്കർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മൺ ഗിലുവ എന്നിവരും തോൽവി നേരിട്ടു.
ആദിവാസി മേഖല ബി.ജെ.പിയെ കൈവിട്ടതാണ് ഇത്ര കനത്ത തോൽവിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള 28 സീറ്റുകളിൽ 26ലും ബി.ജെ.പി തോറ്റു. ഒപ്പം സാമ്പത്തിക രംഗത്തെ സർക്കാരിന്റെ പിടിപ്പുകേടും തോൽവിയുടെ ആക്കം കൂട്ടി.
പ്രതിപക്ഷ നിരയിലെ ദൗർബല്യം മുതലെടുത്തും, ദേശീയ വിഷയങ്ങളിൽ ഊന്നി പ്രചാരണം നടത്തിയും വൻ വിജയം നേടാനാവുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. സഖ്യകക്ഷിയായ എ.ജെ.എസ് പിണങ്ങിപ്പിരിഞ്ഞപ്പോഴും അവരത് കാര്യമാക്കിയില്ല. പി.സി.സി പ്രസിഡന്റ് തന്നെ രാജിവെച്ച് ആംആദ്മി പാർട്ടിയിൽ ചേർന്നതോടെ കോൺഗ്രസ് ദുർബലമായെന്നും കണക്കുകൂട്ടി.
എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ജെ.എം.എം-- കോൺഗ്രസ്- ആർ.ജെ.ഡി സഖ്യം ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്നതാണ് കണ്ടത്. ജെ.എം.എം നേതാവ് ഹേമന്ത് സോറനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സഖ്യത്തിൽ പിന്നീട് തമ്മിലടിക്കുള്ള സാധ്യത കുറഞ്ഞു. സംസ്ഥാന നേതാക്കൾ പാർട്ടിയെ കൈവിട്ടുപോയപ്പോൾ, കോൺഗ്രസിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് എ.ഐ.സി.സി സെക്രട്ടറി ആർ.പി.എൻ സിംഗായിരുന്നു. തുടർച്ചയായി 40 ദിവസം സംസ്ഥാനത്ത് തങ്ങിയാണ് അദ്ദേഹം പ്രവർത്തിച്ചത്. അതിന് ഗുണവുമുണ്ടായി. 16 സീറ്റുകളാണ് പാർട്ടിക്ക് കിട്ടിയത്. തെക്കൻ ഝാർഖണ്ഡിൽ വൻ മുന്നേറ്റമുണ്ടാക്കാനുമായി.
ബി.ജെ.പി ദേശീയ വിഷയങ്ങളിൽ ഊന്നിയപ്പോൾ സംസ്ഥാന വിഷയങ്ങൾ ഉയർത്തിയായിരുന്നു മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതും ഫലം ചെയ്തു. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിലപ്പുറമുള്ള വിജയമാണ് മഹാസഖ്യം നേടിയത്. ജെ.എം.എം 30 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായപ്പോൾ കോൺഗ്രസിന് 15 സീറ്റ് കിട്ടി.