Sorry, you need to enable JavaScript to visit this website.

ഇത് രാജ്യത്തിന്റെ വികാരം -കമൽ

കൊച്ചി - പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വികാരമാണ് പ്രകടിപ്പിക്കുന്നതെന്ന് സംവിധായകൻ  കമൽ പ്രതികരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തിന് ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ ഏറെ പ്രസക്തിയുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കേരള സമൂഹത്തിനും ഈ പ്രതിഷേധാഗ്നിയിൽ നിന്ന് മാറിനിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 
പൗരത്വ ബിൽ അടിച്ചേൽപിക്കാനുള്ള ഫാസിസ്റ്റ് നീക്കം ചെറുക്കപ്പെടണമെന്ന് സംവിധായകൻ ആഷിഖ് അബു പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണ്. ഇതിൽനിന്ന് ആർക്കും മാറി നിൽക്കാൻ കഴിയില്ല. ഏതൊക്കെ തരത്തിൽ പ്രതിഷേധിക്കാമോ, അങ്ങനെയെല്ലാം പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മതത്തിന്റെയും ജാതിയുടെയും പേരിൽ രാഷ്ട്രീയം കളിക്കുന്ന ഫാസിസ്റ്റ് സമീപനത്തിനെതിരെ ശക്തമായി പോരാടണമെന്ന് റിമാ കല്ലിങ്കൽ പ്രതികരിച്ചു.  


പൗരത്വ നിയമത്തെ ശക്തമായി എതിർക്കുമെന്ന് നടി നിമിഷ സജയൻ പറഞ്ഞു. സർക്കാറിന് ശ്രദ്ധിക്കാൻ വേറെ എത്രയോ കാര്യങ്ങളുണ്ട്. കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന് ഇത്ര ഗൗരവം നൽകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പൗരത്വ ഭേദഗതി നിയമം തെറ്റായ തീരുമാനമാണ്. സർക്കാർ ഇത് തിരുത്തണം. നിയമത്തെ കുറിച്ച് സർക്കാറിനുള്ളിൽ തന്നെ വ്യക്തത കുറുവുണ്ടെന്നും എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും നിമിഷ പറഞ്ഞു. വിഷയത്തെ കുറിച്ച് നന്നായി പഠിച്ച ശേഷം തന്നെയാണ് പ്രതിഷേധിക്കാൻ എത്തിയതെന്നും ഇത്രയേറെ ആളുകളെ കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്നും നിമിഷ വ്യക്തമാക്കി.


മനുഷ്യരാകുക എന്നതാണ് പ്രധാനമെന്നും ആർക്കു വേണ്ടിയാണോ നാം അണിനിരക്കുന്നത്, അവർക്കു വേണ്ടി പോരാടണമെന്നും ഷഹബാസ് അമൻ പറഞ്ഞു. പൗരത്വ നിയമത്തിൽ ഒരു വിഭാഗത്തെ മാറ്റിനിർത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ പ്രതികരണം. പ്രതികരിക്കുന്ന എല്ലാവരെയും അടിച്ചമർത്തുന്ന നയം ശരിയല്ല. മനുഷ്യനായി ജനിച്ച്, മനുഷ്യനായി മരിക്കുന്നവരാണ് നാമെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകണമെന്നും  ലോങ് മാർച്ചിൽ പങ്കെടുക്കവേ രഞ്ജിനി പറഞ്ഞു.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിലൂടെ പ്രതികരിച്ച ശേഷമാണ് നടൻ ഷെയ്ൻ നിഗം ലോങ് മാർച്ചിനെത്തിയത്. വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോൾ നമ്മുടേതെന്ന് ഷെയിൻ കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ. നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മൾ രണ്ടാംകിട പൗരന്മാരാവുന്നു എന്നു പറയുമ്പോൾ പിന്നെ എന്താ ചെയ്യുകയെന്ന് താരം ചോദിച്ചു. വളരെ ചെറിയ ഒരു കൂട്ടം ആൾക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ നാട്ടുകാരെ മതത്തിന്റെ പേരിൽ തമ്മിൽ ഭിന്നിപ്പിക്കുക എന്നുള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ ശക്തമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യത്വം നശിച്ചിട്ടില്ലെന്ന പ്രതീക്ഷയുണ്ടെന്നും  ഷെയ്ൻ കുറിപ്പിൽ പറഞ്ഞു.


എം.ജി റോഡ്, രവിപുരം, തേവര, തോപ്പുംപഴി ഫോർട്ട് കൊച്ചിയിൽ രാത്രിയാണ് ലോങ് മാർച്ച് സമാപിച്ചത്.  
സമാപനത്തോടനുബന്ധിച്ച് വാസ്‌കോ സ്‌ക്വയറിൽ നടന്ന സംഗീത സദസ്സിൽ ഊരാളി, ഷഹബാസ് അമൻ, കരിന്തലക്കൂട്ടം, രശ്മി സതീഷ്, പി.കെ സുനിൽകുമാർ, ജോൺ പി വർക്കി, പഞ്ചമി തിയേറ്റേഴ്‌സ് എന്നിവരുടെ കലാപരിപാടികൾ നടന്നു. തൃശൂർ നാടക സംഘത്തിന്റെ ലഘുനാടകങ്ങൾ, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ പൂർവ വിദ്യാർഥികളുടെ പപ്പറ്റ് ഷോ എന്നിവ പ്രതിഷേധ സമരത്തെ വേറിട്ടതാക്കി.

 

Latest News