ചെന്നൈ- പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ബിരുദദാന ചടങ്ങിൽനിന്ന് മലയാളി വിദ്യാർഥിനിയെ മനപൂർവ്വം ഒഴിവാക്കി. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽനിന്നാണ് മലയാളി വിദ്യാർഥിനി റബീഹ അബ്ദറഹ്മാനെ അധികൃതർ മനപൂർവ്വം പുറത്താക്കിയത്. രാഷ്ട്രപതി വേദി വിട്ട ശേഷം റബീഹയെ ഗോൾഡ് മെഡൽ സമ്മാനിക്കാനായി വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഗോൾഡ് മെഡൽ നിരസിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. റബീഹ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
ചടങ്ങ് തുടങ്ങാൻ മിനിറ്റുകൾ ശേഷിക്കെയാണ് തന്നെ പുറത്താക്കിയതെന്ന് റബീഹ പറഞ്ഞു. പ്രസിഡന്റ് വേദിയിലേക്ക് വരുന്നതിന് തൊട്ടുമുമ്പ് ഒരുദ്യോഗസ്ഥൻ വന്ന് റബീഹയെ പുറത്തേക്ക് വിളിച്ചു. ഒരു കാര്യം സംസാരിക്കാനുണ്ട് എന്ന് മാത്രമായിരുന്നു സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞത്. മറ്റു കുട്ടികൾ അപ്പോഴും വേദിയിലുണ്ടായിരുന്നു. പുറത്തുണ്ടായിരുന്ന പോലീസുകാരോട് കാര്യം തിരക്കിയെങ്കിലും അവർക്കാർക്കും ഇത് സംബന്ധിച്ച വിവരമുണ്ടായിരുന്നില്ല. പിന്നീട് രാഷ്ട്രപതി വേദി വിട്ടപ്പോഴാണ് റബീഹയെ അകത്തേക്ക് കയറ്റിയത്. എന്തിനാണ് പുറത്താക്കിയത് എന്ന് സംബന്ധിച്ച് ഇവർക്ക് ഒരു അറിവുമുണ്ടായിരുന്നില്ല. കോളേജ് അധികൃതർ മെഡൽ സമ്മാനിക്കാൻ ഒരുങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ച് റബീഹ വേദി വിടുകയായിരുന്നു. ആത്മാഭിമാനം തിരിച്ചെടുക്കാനാണ് മെഡൽ നിരസിച്ചതെന്ന് റബീഹ വ്യക്തമാക്കി. എൻ.ആർ.സിക്കെതിരെ തെരുവിൽ പോരാടുന്ന മുഴുവൻ വിദ്യാർഥികളോടും ഐക്യപ്പെടുന്നുവെന്നും റബീഹ വ്യക്തമാക്കുന്നു.