ന്യൂദല്‍ഹി-കന്നുകാലി കശാപ്പ് നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന വില്‍പന നിരോധ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനു മുന്നില്‍ വെച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ക്രമം പാലിച്ചിട്ടില്ലെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റാണ് മറുപടി നല്‍കിയത്. ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ അവ പാര്‍ലമെന്റില്‍ സമര്‍പ്പിക്കേണ്ടതായിരുന്നു.
കന്നുകാലി കശാപ്പ് നിയന്ത്രണ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച പരാതിക്കാരില്‍ ഒരാളാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി കോടതിയെ അറിയിച്ചത്.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന 1960-ലെ നിയമത്തിലുള്ള 38 എ വകുപ്പ് പ്രകാരം ഈ നിയമത്തില്‍ വരുത്തുന്ന ഭേദഗതികള്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ വെക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. 30 ദിവസമാണ് ഇതിന് അനുവദിച്ച സമയം. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കുന്ന ഭേദഗതികള്‍ ഇതോടൊപ്പം ചേര്‍ക്കുന്നില്ലെങ്കില്‍ ചട്ടങ്ങള്‍ക്ക് പ്രാബല്യമില്ല.
കന്നുകാലി വില്‍പന നിരോധം സംബന്ധിച്ച ചട്ടങ്ങളെ കുറിച്ച് പാര്‍ലമെന്റിന് അറിവില്ലെന്നാണ് ജൂലൈ 27 ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് നല്‍കിയ മറുപടി.