റാഞ്ചി- പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ബിജെപി വിരുദ്ധ വികാരം ഉയര്‍ന്നിരിക്കെ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി. അഞ്ചു വര്‍ഷം ഭരിച്ച ബിജെപിയെ പിന്നിലാക്കി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം)-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം 40 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. 81 മണ്ഡലങ്ങളില്‍ 30ല്‍ മാത്രമാണ് ബിജെപിക്ക് ലീഡ്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകള്‍ വേണം. ജെഎംഎം 25, കോണ്‍ഗ്രസ് 12, ആര്‍ജെഡി 5 എന്നിങ്ങനെയാണ് ലീഡ് നില.
ജെഎംഎം-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ബിജെപി ക്യാമ്പില്‍ തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. എജെഎസ്‌യു, ജെവിഎം, സ്വതന്ത്രര്‍ എന്നിവരെ കൂടെ കൂട്ടി ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച തുടങ്ങിയതായി റിപോര്‍ട്ടുണ്ട്. ഫലത്തില്‍ തീര്‍പ്പു പറയാന്‍ സമയമായിട്ടില്ലെന്ന ബിജെപി മുഖ്യമന്ത്രി രഘുഭര്‍ ദാസിന്റെ പ്രതികരണം ഇതു സംബന്ധിച്ച സൂചനയാണെന്ന സംശയമുണ്ട്. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്‌യു, ജെവിഎം, ജെഡിയു എന്നീ പാര്‍ട്ടികള്‍ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്.