ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി എഫ് ഐ) പങ്ക് അന്വേഷിക്കുമെന്ന് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 879 പേരെ അറസ്റ്റ് ചെയ്യുകയും 5000-ത്തോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് ഡിജിപി ഒപി സിംഗ് പറഞ്ഞു.
സിമി സ്വഭാവമുള്ള പിഎഫ്‌ഐയുടെ പങ്ക് അന്വേഷിക്കുമെന്നാണ് ശര്‍മ്മ പറഞ്ഞത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ മാല്‍ഡ ജില്ലയില്‍ നിന്നുള്ള ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി ഭാഷയിലെ പ്രകോപനപരമായ ലഘുലേഖകള്‍ ലഖ്നൗവില്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ അക്രമത്തിന് പിന്നിലുണ്ടെന്നും ശര്‍മ്മ ആരോപിച്ചു.
135 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അക്രമങ്ങളില്‍ 288 പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും ഡിജിപി പറഞ്ഞു. സംസ്ഥാനത്ത് പ്രതിഷേധക്കാരെ നേരിടാന്‍ കാണ്‍പൂരില്‍ ശക്തമായ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അലിഗഢിലും വാരണാസിയിലും ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു.