ന്യൂദൽഹി- ജാർഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ ബി.ജെ.പിയും കോൺഗ്രസ്-ജെ.എം.എം മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. കോൺഗ്രസിന് സമ്പൂർണ വിജയം പ്രവചിച്ചിരുന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽനിന്ന് ഭിന്നമാണ് ആദ്യസൂചനകൾ. 81 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് 35 സീറ്റുകളിൽ ബി.ജെ.പി മുന്നണി മുന്നിട്ടുനിൽക്കുന്നു. ജെ.എം.എം-കോൺഗ്രസ് സഖ്യം 31 സീറ്റുമായി തൊട്ടുപിറകിലുണ്ട്. എ.ജെ.എസ്.യു ഒൻപതും ജെ.വി.എം മൂന്നും മറ്റുള്ളവർ മൂന്നും എന്നാണ് അവസ്ഥ.
പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ജെഎംഎംകോൺഗ്രസ് സഖ്യം മുന്നിട്ട് നിന്നുവെങ്കിലും വോട്ടിങ് മെഷീനിലെ ഫലം പുറത്ത് വന്ന് തുടങ്ങിയപ്പോൾ ബിജെപി ഒപ്പത്തിന് എത്തുകയായിരുന്നു.നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ലോകസഭ തെരഞ്ഞെടുപ്പിൽ പാർട്ടി 14ൽ 11 സീറ്റും നേടിയിരുന്നു.
2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 37 സീറ്റുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസ് കേവലം ആറ് സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. ഇരുപത്തിനാല് ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ എട്ടുമുതുലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.