ലഖ്‌നൗ - പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായ ഉത്തർ പ്രദേശിൽ പ്രക്ഷോഭകർ കൊല്ലപ്പെട്ടത് പോലീസിന്റെ വെടിയേറ്റാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നു. സമരക്കാർക്കു നേരെ ഒരു വെടിപോലും വെച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി പറയുമ്പോഴും ഹെൽമെറ്റും സുരക്ഷാ ജാക്കറ്റും ധരിച്ച പോലീസുകാർ തോക്കു ചൂണ്ടി സമരക്കാർക്കു നേരെ പരസ്യമായി വെടിവയ്ക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. 20ഓളം പേരാണ് ഇതുവരെ യു.പിയിൽ പലയിടത്തായി കൊല്ലപ്പെട്ടത്. ഇവരിലേറെ പേരും വെടിയേറ്റാണ് മരിച്ചത്.
കാൺപൂരിൽ കഴിഞ്ഞ ദിവസം നടന്ന സമരത്തിനു നേരെ ഒരു പോലീസ് ഓഫീസർ വെടിെവക്കുന്ന ദൃശ്യം പുറത്ത് വന്നത് കൂടുതൽ സംശയങ്ങൾക്കിടയാക്കിയിരിക്കുകയാണ്. പോലീസ് വെടിവെപ്പിൽ മരിച്ചവരിൽ റേഷൻ വാങ്ങാനായി പുറത്തിറങ്ങിയ യുവാവും ബാലനും ഉൾപ്പെടും. എന്നാൽ സമരക്കാർ തന്നെ നാടൻ തോക്കുപയോഗിച്ചു വെടിവെച്ചെന്നാണ് പോലീസ് ഭാഷ്യം.
രാജ്യവ്യാപകമായി പൗരത്വ പ്രക്ഷോഭം ശക്തമായി തുടരുമ്പോഴും ബി.ജെ.പി ഭരിക്കുന്ന യു.പിയിലാണ് പോലീസ് സമരക്കാർക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നത്. എങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സമരം ആളിപ്പടർന്നു കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച കാൺപൂരിലാണ് സമരം ശക്തമായത്. സഹാറൻപൂർ, ദയൂബന്ദ്, ഷംലി, മുസഫർനഗർ, മീററ്റ്, ഗാസിയാബാദ്, ഹാപൂർ, അലിഗഢ്, സംഭൽ, ബഹ്‌റായിച്, ഫിറോസാബാദ്, ഭദോഹി, ഗൊരഘ്പൂർ എന്നീ ജില്ലകളിലാണ് ശക്തമായ സമരം അരങ്ങേറിയത്.
അതേസമയം സമരക്കാർ നാടൻ തോക്കുപയോഗിച്ച് വെടിവെച്ചുവെന്നാണ് പോലീസ് വാദം. നാനൂറിലേറെ കാട്രിഡ്ജുകൾ പലയിടത്തുനിന്നായി കണ്ടെത്തിയെന്നും പോലീസ് പറയുന്നു.പ്രക്ഷോഭകരുടെ ആക്രമണത്തിൽ അമ്പതോളം പോലീസുകാർക്ക് പരിക്കേറ്റതായും ഡി.ജി.പി പറഞ്ഞിരുന്നു.
ഇത്രയേറെ മരണമുണ്ടായിട്ടും പ്രക്ഷോഭകരെ കർശനമായി നേരിടുമെന്ന സൂചന തന്നെയാണ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ നൽകുന്നത്. പ്രക്ഷോഭത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങൾക്ക് പകരമായി പ്രക്ഷോഭകരുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്.
പ്രക്ഷോഭകർ പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരമായി അവരുടെ വസ്തുവകകൾ കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലേറെ പേരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്.
അതിനിടെ, ഇന്നലെ സംസ്ഥാനത്ത് കാര്യമായ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കർഫ്യൂ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഇന്നലെയും പോലീസും സൈന്യവും റോന്തുചുറ്റി.