തിരുവനന്തപുരം - പാർലമെന്റിലും രാജ്യസഭയിലും കൂടിയാലോചനകൾക്കവസരം നൽകാത്ത വിധത്തിൽ, ഇന്ത്യയുടെ മേൽ അടിച്ചേൽപിച്ച പൗരത്വ ഭേദഗതി ബിൽ, സംഘ് പരിവാർ ഭരണകൂടം നടത്തുന്ന ഫാസിസത്തിന്റെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് എഫ്.ഐ.ടി.യു വിളിച്ചു ചേർത്ത ട്രേഡ് യൂനിയൻ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം വിലയിരുത്തി.
പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം നൽകുന്നത് രാജ്യം മുഴുവൻ ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുന്നതിന്റെ മുന്നോടിയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇത് കേവലം അനധികൃത കുടിയേറ്റ മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമായി ചുരുക്കാൻ സർക്കാറിന്റെ ഭാഗത്തു നിന്ന് ശ്രമം നടക്കുന്നുണ്ട്. അതങ്ങനെയല്ലന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ നയിക്കുന്ന പ്രക്ഷോഭം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, സമര പോരാളികൾ പൊതു മുതലുകൾ നശിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് നടത്തുന്ന വ്യാപക അറസ്റ്റും വെടിവെപ്പും ജനങ്ങളെ കൂടുതൽ ഭയത്തിലേക്ക് തള്ളിവിടുന്നു.
ഈ പ്രക്ഷോഭത്തിന്റെ മറവിൽ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിൽക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
തൊഴിലില്ലായ്മ രൂക്ഷമാവുകയും, തൊഴിലെടുക്കുന്നവർക്ക് കൂലി ലഭിക്കാത്ത അവസ്ഥയും, പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുന്നതിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ജെ.എൻ.യു പോലെയുള്ള സ്ഥാപനങ്ങളിലെ ഫീസ് കുത്തനെ ഉയർത്തി വിദ്യാർഥികളെ അരക്ഷിതരാക്കുകയും ചെയ്ത സാഹചര്യം നിലനിൽക്കുകയാണ്.
ഭരണഘടനയെ അവഗണിച്ചും സുപ്രീം കോടതി, ആഭ്യന്തരം, ഇലക്ഷൻ കമ്മീഷൻ, മറ്റനവധി ഉദ്യോഗസ്ഥ വൃന്ദം തുടങ്ങിയവയെ വിലക്കെടുത്തും ഭയപ്പെടുത്തിയുമാണ് സംഘ് പരിവാർ ഭരണകൂടം ഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
രാജ്യത്ത് നിലനിൽക്കുന്ന ഈ അടിയന്തരാവസ്ഥ ഏറ്റവും ആദ്യം ബാധിക്കുന്നത് തൊഴിലാളികളെയാണ്, അത് പിന്നീട് രൂക്ഷമായ ദാരിദ്ര്യത്തിലേക്കും, ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്കും നയിക്കും. ഇതനുവദിച്ച് കൊടുക്കാൻ ചിക്കാഗോ തെരുവുകളിൽ വിപ്ലവം നയിച്ച ചരിത്ര പാരമ്പര്യമുള്ള തൊഴിലാളികൾക്കൊരിക്കലും സാധിക്കുകയില്ല.
തൊഴിലാളികളും വിദ്യാർത്ഥികളുമാണ് ചരിത്രത്തിലുടനീളം ലോകത്ത് വിപ്ലവത്തിന് നേതൃത്വം നൽകിയത്. ഈയൊരു സാഹചര്യത്തിലും തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിന് മുന്നോട്ട് വന്നതായി കാണാൻ സാധിക്കുന്നില്ല. ഈ കലുഷിത അന്തരീക്ഷത്തെ മറികടക്കാൻ ട്രേഡ് യൂനിയനുകൾ ഒന്നടങ്കം ശങ്കിച്ചു നിൽക്കാതെ ഒരേ ലക്ഷ്യത്തിന് വേണ്ടി ഒരുമിക്കേണ്ടതുണ്ട്, പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കേണ്ടതുണ്ട്.
രാജ്യത്ത് നിമിഷങ്ങൾ വെച്ച് സാഹചര്യം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾ യാതൊരമാന്തവും കാണിക്കാതെ സമര പോരാട്ടങ്ങൾക്ക് വേണ്ടി ഒരുമിക്കണം. ജനാധിപത്യ ഇന്ത്യയെ ഏകാധിപതികൾക്ക് ഒരു നിലക്കും വിട്ടുതരില്ലയെന്ന് നമ്മൾ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് ട്രേഡ് യൂനിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ചെയർമാൻ റസാഖ് പാലേരി പറഞ്ഞു.
ട്രേഡ് യൂനിയനുകളുടെയും സർവീസ് സംഘടനകളുടെയും സംയുക്ത സമര സമിതി യോഗത്തിൽ എഫ്.ഐ.ടി.യു, അസറ്റ്, ടി.യു.സി.ഐ, എ.ഐ.സി.സി. ടി.യു, സി.എഫ്.ടി.യു, ഐ.എൻ.എ തുടങ്ങി 26 ഓളം ട്രേഡ് യൂനിയനുകളുടെ സംസ്ഥാന നേതാക്കൾ ഈ പ്രമേയത്തെ പിന്തുണച്ചു എം.ജോസഫ് ജോൺ സ്വാഗതം പറഞ്ഞ യോഗത്തിൽ ജയൻ കോനിക്കര, ബിലാൽ ബാബു, സണ്ണി അമ്പാട്ട് തുങ്ങിയ നേതാക്കൾ സംസാരിക്കുകയും ചെയ്തു.