റിയാദ്- മൂന്നു ഗൾഫ് രാജ്യങ്ങളിൽ നിയമാനുസൃതം താമസിക്കുന്ന വിദേശികൾക്ക് വാരാന്ത അവധികളിൽ സൗദി അറേബ്യ സന്ദർശിക്കാൻ സൗജന്യ വിസ. റിയാദ് സീസൺ അവസാനിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിസ സൗകര്യം ഏർപ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ കഴിയുന്നവർക്കാണ് ഇവന്റ് വിസ എന്ന പേരിൽ സൗദിയിലെ വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിന് സൗജന്യ വിസ അനുവദിക്കുന്നത്. അതിർത്തി പ്രവേശന കവാടങ്ങളിൽ നിന്ന് നേരിട്ട് വിസ അടിക്കുന്നതാണ് പദ്ധതി. വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പരിഷ്കാരം സൗദിയുടെ ടൂറിസം മേഖലക്ക് ഉണർവേകുമെന്നാണ് പ്രതീക്ഷ. വാരാന്ത അവധി ആഘോഷിക്കുന്നതിന് വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിൽ മാത്രമേ ഈ വിസ ലഭ്യമാകുകയുള്ളൂ. ഇത് സംബന്ധിച്ച് അതിർത്തി പ്രദേശ ചെക്ക് പോയന്റുകളിൽ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ടൂറിസ്റ്റുകളെ രാജ്യത്തേക്കാകർഷിക്കാനായി 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരത്തെ ഓൺ അറൈവൽ, ഇ ടൂറിസ്റ്റ് വിസകൾ സൗദി നടപ്പാക്കിയിരുന്നു. ഓൺലൈനിലോ അല്ലെങ്കിൽ പ്രവേശന കവാടങ്ങളിലെ പ്രത്യേക സിസ്റ്റങ്ങൾ വഴിയോ എടുക്കാവുന്ന ഈ ടൂറിസ്റ്റ് വിസക്ക് 440 റിയാലാണ് ചാർജ്. 360 ദിവസത്തേക്ക് വിസ ലഭ്യമാകുമെങ്കിലും ഒരു എൻട്രിയിൽ 90 ദിവസമേ സൗദിയിൽ തങ്ങാനാവൂ.
2030 ഓടെ 100 മില്യൺ ടൂറിസ്റ്റുകളെയാണ് പ്രതിവർഷം രാജ്യം പ്രതീക്ഷിക്കുന്നത്. നിലവിൽ 41 മില്യൺ പേരാണ് ടൂറിസ്റ്റുകളായി സൗദിയിലെത്തുന്നത്. 2030 ൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായി രാജ്യം മാറുമെന്നും രാജ്യത്തിന്റെ മൊത്ത വരുമാനം മൂന്നിൽ നിന്ന് 10 ശതമാനത്തിലേക്ക് ഉയരുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ ആറു ലക്ഷം ജോലികളാണ് ഈ മേഖലയിലുള്ളതെങ്കിലും 2030 ൽ പതിനാറ് ലക്ഷമാക്കി ഉയർത്താനാവും. അടുത്ത പത്ത് വർഷത്തിനിടെ രാജ്യത്ത് അമ്പതിനായിരം ഹോട്ടലുകളും തുറക്കും.