ഇസ്‌ലാമാബാദ്- ഇന്ത്യയിൽ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയാല്‍ തക്ക മറുപടി നല്‍കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സാഹചര്യം ഏത് നിമിഷവും വഷളാകാമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുടെ സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ഇത് ശ്രദ്ധതിരിക്കല്‍ തന്ത്രമാണെന്ന് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചു.
ഹിന്ദു ദേശീയതയെ ഉണര്‍ത്താനും കശ്മീരിലെ പ്രശ്‌നങ്ങളില്‍ നിന്നും പൗരത്വ നിയമത്തിനെതിരായ ആഭ്യന്തര സമരങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനും ഇന്ത്യ ഒരു ആക്രമണം നടത്തിയാല്‍ തക്കതായ മറുപടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. പ്രക്ഷോഭങ്ങള്‍ ഉയരുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഭീഷണിയും വര്‍ദ്ധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തിനെതിരായി ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ ജന മുന്നേറ്റം എന്ന് ഇമ്രാന്‍ വിശേഷിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി മോദി സര്‍ക്കാര്‍ ഇന്ത്യയെ ഹിന്ദുത്വ ഫാസിസ ആശയമുള്ള ഹിന്ദുത്വ രാജ്യത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബഹുസ്വര ഇന്ത്യയെ ആഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍ പ്രതിഷേധം ആരംഭിച്ചു. അതൊരു ജനമുന്നേറ്റമായി മാറുന്നുവെന്ന് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.