ലഖ്‌നൗ- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായ യുപിയില്‍ കൊല്ലപ്പെട്ട സമരക്കാരുടെ മരണം പോലീസിന്റെ വെടിയേറ്റാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. സമരക്കാര്‍ക്കു നേരെ ഒരു വെടിപോലും വച്ചിട്ടില്ലെന്ന് പോലീസ് മേധാവി പറയുമ്പോഴും ഹെല്‍മെറ്റും സുരക്ഷാ ജാക്കറ്റും ധരിച്ച പോലീസുകാര്‍ തോക്കു ചൂണ്ടി സമരക്കാര്‍ക്കു നേരെ പരസ്യമാി വെടിവയ്ക്കുന്ന വിഡിയോ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. 20ഓളം പേരാണ് ഇതുവരെ യുപിയില്‍ പലയിടത്തായി കൊല്ലപ്പെട്ടത്. ഇവരിലേറെ പേരും വെടിയേറ്റാണ് മരിച്ചത്. സമരക്കാര്‍ തന്നെ നാടന്‍ തോക്കുപയോഗിച്ചു വെടിവെച്ചെന്നാണ് പോലീസ് ഭാഷ്യം. കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തിനു നേരെ ഒരു പോലീസ് ഓഫീസര്‍ വെടിവയ്ക്കുന്ന ദൃശ്യം പുറത്ത് വന്നത് കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.
രാജ്യവ്യാപകമായി പൗരത്വ പ്രക്ഷോഭം ശക്തമായി തുടരുമ്പോഴും ബിജെപി ഭരിക്കുന്ന യുപിയിലാണ് പോലീസ് സമരക്കാര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നത്. എങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സമരം ആളിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച കാണ്‍പൂരിലാണ് സമരം ശക്തമായത്. സഹാറന്‍പൂര്‍, ദിയൂബന്ദ്, ഷംലി, മുസഫര്‍നഗര്‍, മീററ്റ്, ഗാസിയാബാദ്, ഹാപൂര്‍, അലിഗഢ്, സംഭല്‍, ബഹ്‌റായിച്, ഫിറോസാബാദ്, ഭദോഹി, ഗൊരഘ്പൂര്‍ എന്നീ ജില്ലകളിലാണ് ശക്തമായ സമരം അരങ്ങേറിയത്. സമരക്കാര്‍ക്കെതിരായ പോലീസ് വെടിവെയ്പ്പില്‍ മരിച്ചവരില്‍ റേഷന്‍ വാങ്ങാനായി പുറത്തിറങ്ങിയ യുവാവും ബാലനും ഉള്‍പ്പെടും.
അതേസമയം സമരക്കാര്‍ നാടന്‍ തോക്കുപയോഗിച്ച് വെടിവെച്ചുവന്നാണ് പോലീസ് വാദം. നാനൂറിലേറെ കാട്രിഡ്ജുകള്‍ പലയിടത്തുനിന്നായി കണ്ടെത്തിയെന്നും പോലീസ് പറയുന്നു.