മൂന്ന് പതിറ്റാണ്ടു മുമ്പെഴുതിയ നോവലിന്റെ പേരില്‍ ശശി തരൂരിന് അറസ്റ്റ് വാറണ്ട്

തിരുവന്തപുരം- നോവലില്‍ നായര്‍ സമുദായത്തിലെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ ഹാജരാകാതിരുന്ന കോണ്‍ഗ്രസ് എംപിയും എഴുത്തുകാരനുമായ ശശി തരൂരിനെതിരെ തിരുവനന്തപുരത്തെ കോടതിയുടെ അറസ്റ്റ് വാറണ്ട്. 30 വര്‍ഷം മുമ്പെഴുതിയ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവര്‍ എന്ന രചനയ്‌ക്കെതിരെയാണ് പരാതി. കേസില്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ തരൂരിന് സമന്‍സ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ കോടതിയില്‍ നിന്ന് ലഭിച്ച സമന്‍സില്‍ സമയം മാത്രമെ രേഖപ്പെടുത്തിയിരുന്നുള്ളൂവെന്നും തീയതി ഉണ്ടായിരുന്നില്ലെന്നും ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു. ഇക്കാര്യം തങ്ങളുടെ അഭിഭാഷകന്‍ കോടതിയുടെ  ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതു പരിഗണിച്ച കോടതി പുതിയ സമന്‍സ് അയക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് വാറണ്ടിനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുമെന്നും ഓഫീസ് അറിയിച്ചു.
 

Latest News