മംഗളൂരു- പൗരത്വഭേദഗതി നിയമത്തിനെതിരെ തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കര്‍ണാടകയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനാല്‍ പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. അഞ്ചു കെ.എസ്.ആര്‍.ടി.സി ബസുകളാണ് കാസര്‍കോട് ഡിപ്പോയില്‍നിന്ന് ഇന്നലെ വൈകുന്നേരം മംഗളൂരുവില്‍ എത്തിയത്. പമ്പ്‌വെല്‍ സര്‍ക്കിളില്‍ എത്തിയ ബസുകളില്‍ വിദ്യാര്‍ഥികളെ കാസര്‍കോട് എത്തിച്ച് അവിടെനിന്ന് നാട്ടിലേക്ക് പോകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്.
കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ബസില്‍ കാസര്‍കോട്ടെത്തി അവരവരുടെ നാടുകളിലേക്ക് പോയത്. ഏതാനും വിദ്യാര്‍ഥികള്‍ കാസര്‍കോട്ട് നിന്ന് ട്രെയിനുകളിലും നാട്ടിലെത്തി.
മംഗളൂരുവില്‍ മലയാളികളെ വേട്ടയാടാന്‍ കര്‍ണാടക പോലീസ് ഇന്നലെയും ശ്രമിച്ചിരുന്നു. അതിര്‍ത്തിയില്‍ വാഹനങ്ങള്‍ പോലീസ് കര്‍ശനമായി പരിശോധിക്കുന്നു. മംഗളൂരുവിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്ന മലയാളികളെ തലപ്പാടിയിലും ട്രെയിന്‍ ഇറങ്ങുന്നവരെ റെയില്‍വേ സ്റ്റേഷനില്‍വെച്ചും പരിശോധനയുടെ പേരില്‍ പീഡിപ്പിക്കുകയാണെന്ന് പരാതി ഉയര്‍ന്നു. കര്‍ഫ്യൂവിന്റെ മറവിലാണ് പീഡനം. മലയാളികളുടെ യാത്രാരേഖകളും ബാഗുകളും പരിശോധിച്ച ശേഷമാണ് പോകാന്‍ അനുവദിക്കുന്നത്. മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ കാണാന്‍ പോകുന്നവരാണ് കൂടുതലും കഷ്ടപ്പെടുന്നത്. ചിലരെ രേഖയില്ലെന്ന് പറഞ്ഞു തിരിച്ചയക്കുന്നു. തിരക്കൊഴിഞ്ഞ നഗരത്തില്‍ പോലീസ് വാഹനങ്ങളും തോക്കേന്തിയ പോലീസുകാരുമാണുള്ളത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടാത്തത് കാരണം ഇന്നലെ അന്യസംസ്ഥാന ലോറികള്‍ ഉള്‍പ്പെടെയുള്ളവ കേരള അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റില്‍ കുടുങ്ങി. രണ്ടുദിവസമായി അതിര്‍ത്തിയില്‍ കുടുങ്ങിയ വാഹനങ്ങളും തൊഴിലാളികളുമുണ്ട്. മംഗളൂരു വിമാനത്താവളത്തില്‍ പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കര്‍ശന പരിശോധനക്കുശേഷം കടത്തിവിടുന്നത്. ഇതിന് പുറമേ ആംബുലന്‍സുകളും ഓടുന്നുണ്ട്. നേതാക്കളെ ആരെയും മംഗളൂരുവിലേക്ക് കടത്തിവിടുന്നില്ല. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബംഗളൂരു വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞു. പൗരത്വ നിയമത്തിന് എതിരായി പ്രസംഗിച്ചു എന്നാരോപിച്ചു മുന്‍മന്ത്രിയും എം.എല്‍.എയുമായ യു.ടി. ഖാദറിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
വ്യാഴാഴ്ച വൈകിട്ടാണ് മംഗളൂരുവില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതും പോലീസ് വെടിവെപ്പുണ്ടായതും. തുടര്‍ന്നാണ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. മലയാളി മാധ്യമപ്രവര്‍ത്തകരെ നഗരത്തിലേക്ക് കടത്തിവിടുന്നില്ല.