Sorry, you need to enable JavaScript to visit this website.

തെലങ്കാനയില്‍ പോലീസ് വെടിവെച്ചുകൊന്ന പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു

ഹൈദരാബാദ്- തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍
പോലീസ് വെടിവെച്ചുകൊന്ന നാല് പ്രതികളുടേയും മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഈ മാസം ആറിന് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് പ്രതികളും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്. വ്യാജ ഏറ്റുമുട്ടലിലാണ് പ്രതികളെ കൊലപ്പെടുത്തിയതെന്ന ആരോപണത്തില്‍ നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മൃതദേഹങ്ങള്‍ ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയായ ഗാന്ധി ഹോസ്പിറ്റലിലാണുള്ളത്.
ചീഫ് ജസ്റ്റിസ് ആര്‍.എസ്. ചൗഹാന്‍, ജസ്റ്റിസ് എ. അഭിഷേഖ് റെഡ്ഢി എന്നിവരടങ്ങിയ തെലങ്കാന ഹൈക്കോടതി ബെഞ്ചാണ് രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തിനു ഉത്തരവിട്ടത്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ദല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് ഡയരക്ടറോട് ആവശ്യപ്പെടാന്‍ തെലങ്കാന ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു.  ഡിസംബര്‍ 23 ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ നാലു പേരുടേയും ബന്ധുക്കള്‍ക്ക് കൈമാറണം. പരിശോധനയില്‍ ലഭിക്കുന്ന തെളിവുകള്‍ സംബന്ധിച്ച് വെവ്വേറെ അഭിപ്രായം അറിയിക്കാന്‍ ഡോക്ടര്‍മാരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  
കേസ് ഡയറി, പോലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ സംബന്ധിച്ച രജിസ്റ്റര്‍, ഉപയോഗിച്ച ആയുധങ്ങളുടെ റിപ്പോര്‍ട്ട് തുടങ്ങിയവ കസ്റ്റഡിയിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തലവനോട് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ആവശ്യപ്പെടുമ്പോള്‍ ഇവ സുപ്രീം കോടതി രൂപീകരിച്ച കമ്മീഷന്‍ മുമ്പാകെ ഹാജരാക്കണം. അന്വേഷണത്തില്‍ കോടതി ഇടപെടണമെന്നും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികളില്‍ വാദം കേട്ടശേഷമാണ് ഹൈക്കോടതി നടപടി. എയിംസില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് സ്ഥലത്ത് എത്തുന്നതിന് വിമാന യാത്രയ്ക്കടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും വീണ്ടും പരിശോധിക്കേണ്ട ആവശ്യമില്ലെന്നും തെലങ്കാന അഡ്വക്കേറ്റ് ജനറല്‍ വെള്ളിയാഴ്ച ഹൈക്കോടതി മുമ്പാകെ വാദിച്ചിരുന്നു. രണ്ടാം പോസ്റ്റ് മോര്‍ട്ടം വേണ്ടിവരുമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിന് സുപ്രീം കോടതിയുടെ അംഗീകാരമുണ്ടെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഡി. പ്രകാശ് റെഡ്ഢി ബോധിപ്പിച്ചു.  സുപ്രീം കോടതി മുന്‍ ജഡ്ജി വി.എസ്. സിര്‍പുര്‍കറിന്റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മീഷന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച രൂപം നല്‍കിയിരുന്നു. ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊല്ലുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ അന്വേഷിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജി രേഖ സോന്തുര്‍ ബല്‍ഡോട്ട, മുന്‍ സി.ബി.ഐ ഡയരക്ടര്‍ ഡി.ആര്‍. കാര്‍ത്തികേയന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷന്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം മൃതദേഹം കത്തിച്ച കേസില്‍ നവംബര്‍ 29 നാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെമ്പാടും രോഷമുയരുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതും പിന്നീട് തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ കൊല്ലപ്പെട്ടതും. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിനിടെ ചട്ടന്‍പള്ളിയില്‍വെച്ച് വെടിയേറ്റ് മരിച്ചുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്. നവംബര്‍ 28-ന് 25 കാരിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കള്‍വെര്‍ട്ടിനു സമീപമാണ് പ്രതികള്‍ മരിച്ചുവീണത്. ഡിസംബര്‍ ആറിന് പ്രതികള്‍ കൊല്ലപ്പെട്ട ദിവസം മഹ്ബൂബ് നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മൃതദേഹങ്ങള്‍ ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നത്. തോക്ക് പിടിച്ചുവാങ്ങി തങ്ങള്‍ക്ക് നേരെ വെടിവെച്ചപ്പോഴാണ് പ്രതികള്‍ക്കുനേരെ തിരിച്ചുവെടിവെച്ചതെന്ന് സൈബറാബാദ് പോലീസ് അവകാശപ്പെടുന്നു. പ്രതികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റതായും അവര്‍ പറയുന്നു.

 

Latest News