റിയാദ്- അജീർ പ്രോഗ്രാം വഴി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ താൽക്കാലികമായി പരസ്പരം കൈമാറാവുന്ന സംവിധാനം നിലവിൽ വന്നതായി തൊഴിൽ സാമൂഹിക മന്ത്രാലയം അറിയിച്ചു. വിദേശത്ത്‌നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്ത് നിലവിലുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
അജീറിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ഇരു സ്ഥാപനങ്ങളും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നതായിരിക്കണം. സൗദിവത്കരണതോതിൽ മധ്യ പച്ച വിഭാഗത്തിലോ അതിന് മുകളിലോ സ്റ്റാറ്റസുണ്ടായിരിക്കണം. രണ്ട് വർഷത്തിനുള്ളിൽ പന്ത്രണ്ട് മാസത്തിലധികം കൈമാറ്റം പാടില്ല. സ്ഥാപനത്തിലെ ഇരുപത് ശതമാനത്തിലധികം തൊഴിലാളികളെ കൈമാറാനും പാടില്ല തുടങ്ങിയവയാണ് നിബന്ധനകൾ.
ആരോഗ്യമന്ത്രാലയത്തിന്റെ നിബന്ധനകൾ പ്രകാരം ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് എല്ലാ ആരോഗ്യസ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നും ഡോക്ടർമാരടക്കമുള്ളവർക്ക് പ്രൊഫഷൻ ലൈസൻസ് എടുത്തുനൽകണമെന്നും തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.
താത്കാലികമായി തൊഴിലാളികളെ കൈമാറാൻ താത്പര്യമുള്ളവർക്ക് മന്ത്രാലയത്തിന്റെ അജീർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സേവനം സ്വീകരിക്കാവുന്നതാണ്. ഒരു സ്ഥാപനത്തിൽ ആവശ്യത്തിലധികമുള്ള തൊഴിലാളികളെയാണ് ഇങ്ങനെ കൈമാറ്റം ചെയ്യാനാവുക. പെട്ടെന്ന് പരിചയസമ്പന്നരായ തൊഴിലാളികളെ ലഭിക്കുമെന്നതാണ് ഈ സംവിധാനം കൊണ്ടുദ്ദേശിക്കുന്നത്.
വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിന് പകരം രാജ്യത്ത് തന്നെയുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നതിനാണ് 2014 ൽ തൊഴിൽ മന്ത്രാലയം അജീർ സംവിധാനം നടപ്പാക്കിയത്. നിർമാണം, കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളിലാണ് ഇതുവരെ അജീർ നടപ്പാക്കിയിരുന്നത്.