Sorry, you need to enable JavaScript to visit this website.

എൻജിനീയറിംഗ് മേഖലയിൽ സൗദിവൽക്കരണ തോത് ഉയർത്തും

റിയാദ് - തൊഴിൽ സാമൂഹിക മന്ത്രാലയവുമായി സഹകരിച്ച് എൻജിനീയറിംഗ് മേഖലയിൽ ഘട്ടം ഘട്ടമായി സൗദിവൽക്കരണം നടപ്പാക്കുമെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വക്താവ് എൻജിനീയർ അബ്ദുന്നാസർ അൽഅബ്ദുല്ലത്തീഫ് അറിയിച്ചു.

സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്തവരിൽ ഇതാദ്യമായി ഇതര പൗരന്മാരേക്കാൾ സൗദി പൗരന്മാർ മുന്നിലെത്തിയിട്ടുണ്ടെന്നും കൂടുതൽ സൗദി പൗരന്മാർ ഈ മേഖലയിലേക്കെത്തുന്നുണ്ടെന്നതിന് തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 


രജിസ്റ്റർ ചെയ്ത മൊത്തം അംഗങ്ങളിൽ 24 ശതമാനമാണിപ്പോൾ സൗദി പൗരന്മാർ. കഴിഞ്ഞ നവംബർ അവസാനം വരെ 1,61,597 എൻജിനീയർമാരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 38,581 പേർ സൗദികളാണ്. സൗദികളും അല്ലാത്തവരുമായ 1,03,367 ടെക്‌നിഷ്യൻമാരും കൗൺസിലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.


ഈജിപ്ത്, ഇന്ത്യ, ജോർദാൻ, ഫിലിപ്പൈൻസ്, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള എൻജിനീയർമാരാണ് വിദേശികളിൽ നിന്ന് രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗവും. എന്നാൽ വിദേശ ടെക്‌നിഷ്യൻമാരിൽ രജിസ്റ്റർ ചെയ്തവർ ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പൈൻസ്, സിറിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.


ഈ വർഷമാണ് സൗദി എൻജിനീയറിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത സൗദി പൗരന്മാരുടെ എണ്ണത്തിൽ 24 ശതമാനം വർധനയുണ്ടായത്. 2019 ൽ 700 ഓളം സൗദികളാണ് കൗൺസിലിന്റെ പരീക്ഷയെഴുതാൻ എത്തിയത്. അയ്യായിരത്തോളം എൻജിനീയർമാർ200 ലധികം കോഴ്‌സുകളിലായി പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. 


800 പേർക്ക് പ്രൊഫഷനൽ പ്രോജക്ടുകളിലും 300 പേർക്ക് സൗദി ബിൽഡിംഗ് കോഡിലും പരിശീലനം നൽകി. വിവിധ പ്രവിശ്യകളിൽ 34 ഓളം പരിശീലന പരിപാടികളും കൗൺസിൽ സംഘടിപ്പിച്ചിട്ടുണ്ട്.


2018 മുതൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമില്ലാത്ത വിദേശി എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നത് കൗൺസിൽ ഇടപെട്ട് നിർത്തിവെച്ചിരുന്നു. അതോടൊപ്പം റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് തൊഴിൽ പരീക്ഷയും അഭിമുഖവും നിർബന്ധമാക്കി. നേരത്തെ മുന്നു വർഷത്തെ പ്രവൃത്തി പരിചയവും പരീക്ഷയും അഭിമുഖവുമായിരുന്നു കൗൺസിൽ നടപ്പാക്കിയിരുന്നത്.

 

Latest News