Sorry, you need to enable JavaScript to visit this website.

2019: ഈ വാർത്തകൾ കണ്ടിരുന്നുവോ?

ലോകകപ്പ് ക്രിക്കറ്റിനിടെ തേനീച്ച ആക്രമണമുണ്ടായപ്പോൾ. 
ഫിർമിനോയുടെ കക്ഷം ഓഫ്‌സൈഡായപ്പോൾ.

കടന്നു പോവുന്ന വർഷത്തിൽ സ്‌പോർട്‌സ് വാർത്തകളിൽ പലതും അതിന്റെ പരിധി കടന്ന് ഒന്നാം പേജിലേക്ക് വരെ എത്തി. റഗ്ബി, ക്രിക്കറ്റ് ലോകകപ്പ്, വനിതാ ലോകകപ്പ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ് തുടങ്ങി പലതും പ്രധാന വാർത്തകളിൽ സ്ഥാനം നേടി. എന്നാൽ അപൂർവമായ ചില നേട്ടങ്ങൾ വാർത്തകളുടെ കുത്തൊഴുക്കിനിടയിൽ മറഞ്ഞുപോയി. അത്തരം അഞ്ച് പ്രധാന സംഭവങ്ങളിലൂടെ..

-1875 ലാണ് ആദ്യമായി മാത്യു വെബ് ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്നത്. ഇംഗ്ലണ്ടിനും ഫ്രാൻസിനുമിടയിലുള്ള തിരക്കേറിയ ഈ കപ്പൽചാലിലൂടെ പിന്നീട് ആയിരത്തിഎണ്ണൂറിലേറെ പേർ നീന്തിക്കയറി. ഒരാൾ മാത്രമേ നാലു തവണ ഈ ചാനൽ നീന്തിക്കടന്നിട്ടുള്ളൂ, അതും നിർത്താതെ. സാറാ തോമസ് എന്ന മുപ്പത്തേഴുകാരി അതിനാൽ മാധ്യമശ്രദ്ധ അർഹിച്ചിരുന്നു. 2018 സ്തനാർബുദം അതിജീവിച്ച് ഒരു വർഷം പിന്നിടും മുമ്പാണ് അമേരിക്കക്കാരി ഈ അതുല്യ നേട്ടത്തിനുടമയായത് എന്നത് പൊലിമ വർധിപ്പിക്കുന്നു. സെപ്റ്റംബറിലാണ് 54 മണിക്കൂർ കൊണ്ട് 209 കിലോമീറ്റർ സാറാ തോമസ് നീന്തിയത്.  

 

-എലിയുഡ് കിപ്‌ചോഗെയുടെയും മുഹമ്മദ് ഫറയുടെയുമൊക്കെ നേട്ടങ്ങൾ മഹത്തരമാണ്. എന്നാൽ സാക് ബിറ്ററിന്റെ നേടത്തിനു മുന്നിൽ അതൊക്കെ നിഷ്പ്രഭമാവും. ഇപ്പോൾ ലോകത്തിലെ മികച്ച ദീർഘദൂര ഓട്ടക്കാരനാണ് സാക്. 40 മിനിറ്റിനിടെ മുപ്പത്തിമൂന്നുകാരൻ രണ്ട് ദീർഘദൂര ലോക റെക്കോർഡുകൾ തിരുത്തിയെഴുതി. അരേിക്കയിലെ തന്റെ സ്‌റ്റേറ്റായ വിസ്‌കോൺസിനിലെ മിൽവോകീയിൽ ഓഗസ്റ്റിലായിരുന്നു ഈ നേട്ടം. 100 മൈൽ ഓട്ടത്തിന്റെ റെക്കോർഡാണ് ആദ്യം ഭേദിച്ചത്, 11 മണിക്കൂർ 19 മിനിറ്റ് 13 സെക്കന്റിൽ. 100 മൈൽ ഓട്ടമെന്നാൽ മാരത്തണിന്റെ ഇരട്ടിയിലേറെയാണ്. ഒലെഗ് ഖാരിതോനോവിന്റെ പേരിലുണ്ടായിരുന്ന പഴയ റെക്കോർഡിൽ നിന്ന് എട്ട് മിനിറ്റും 50 സെക്കന്റുമാണ് സാക് വെട്ടിക്കുറച്ചത്. 442 മീറ്റർ ട്രാക്ക് 363 തവണ സാക് വലംവെച്ചു. 
അവിടെ നിർത്തിയില്ല. സാക് പിന്നെയും ഓട്ടം തുടർന്നു. ഏറ്റവും ദീർഘമായി ഓടിയതിനുള്ള റെക്കോർഡ് സ്വന്തം പേരിലെഴുതി. 168.66 കിലോമീറ്റർ 12 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി. 

 

-ഓഗസ്റ്റിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ആന്റിഗ്വക്കാരനായ ഓഫ്‌സ്പിന്നർ റകീം കോൺവാളിനെ തെരഞ്ഞെടുത്തപ്പോൾ അമ്പരപ്പിനെക്കാളേറെ ആശ്ചര്യമായിരുന്നു. പ്രൊഫഷനൽ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും ഭാരമേറിയ കളിക്കാരനായി റകീം. രണ്ട് മീറ്ററിലേറെയാണ് ഉയരം, ആറടി ആറിഞ്ച്. ഭാരം 140 കിലോ. അർജുന രണതുംഗെയെ പോലുള്ള തടിയന്മാരായ ബാറ്റ്‌സ്മാന്മാർ ക്രിക്കറ്റിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്ര ശരീരഭാരമുള്ള ബൗളർ അപൂർവമാണ്. പക്ഷെ അമിതഭാരമൊന്നും റകീമിന് പ്രശ്‌നമായില്ല. ആദ്യ ഇന്നിംഗ്‌സിൽ മൂന്നു വിക്കറ്റെടുത്തു. അഫ്ഗാനിസ്ഥാനെതിരായ തന്റെ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റ് സ്വന്തമാക്കി. ഉയരം മുതലെടുത്ത് പന്ത് നന്നായി ബൗൺസ് ചെയ്യിക്കാൻ റകീമിനായി. വീതിയേറിയ ചുമലുകളും വിശാലമായ കൈകളും കാരണം ബാറ്റിംഗിലും റകീം കരുത്തു തെളിയിച്ചു. 

 

-സൈമൺ ബൈൽസ് എന്ന ജിംനാസ്റ്റിനെ അറിയാത്തവരായി ആരുമില്ല. ഏറ്റവുമധികം മെഡൽ നേടിയ ജിംനാസ്റ്റാണ ബൈൽസ്. എന്നാൽ ഇരുപത്തിരണ്ടാം വയസ്സിൽ വിരമിച്ച കാതലിൻ ഒഹാഷിയെ എത്ര പേർക്കറിയാം. ആറു തവണ ഓൾ അമേരിക്കൻ ചാമ്പ്യനായിരുന്നു ഒഹാഷി. നാലു തവണ അമേരിക്കയുടെ ജൂനിയർ ടീമിൽ അംഗമായിരുന്നു. അമേരിക്കൻ കപ്പിലെ വിജയിയായിരുന്നു. എല്ലാത്തിനുമപരി വർഷങ്ങളോളം സൈമൺ ബൈൽസിന്റെ ബദ്ധവൈരിയായിരുന്നു. 1.47 മീറ്റർ മാത്രം ഉയരമുള്ള ഒഹാഷി 2012 ലലെ പാൻ പസഫിക് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണം നേടി. 2013 ലെ ലോകകപ്പിൽ ഓൾഎറൗണ്ട് ചാമ്പ്യനായി. മാസ്മരികമായ അവളുടെ പുഞ്ചിരി ആരാധകരെ കീഴടക്കി. അതിനു ശേഷമാണ് വഴിത്തിരിവ്., ചുമൽ വേദന കാരണം പ്രധാന ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഒഹാഷിക്ക് പിന്മാറേണ്ടി വന്നു. എന്നിട്ടും പറ്റാവുന്ന വേദികൾ അവൾ കീഴടക്കി. 2019 ലെ കൊളീജിയറ്റ് ചലഞ്ചിൽ ഒഹാഷി പെർഫെക്ട് ടെൻ നേടുന്ന യുട്യൂബ് ദൃശ്യത്തിന് 7.4 കോടി ഹിറ്റ് കിട്ടി. ഏപ്രിലിൽ ബിരുദം പൂർത്തിയാക്കിയതോടെയാണ് അവർ ജിംനാസ്റ്റിക്‌സ് കരിയറിനും തിരശ്ശീലയിട്ടത്. രണ്ട് പുസ്തകങ്ങളുടെ രചനയിലാണ് ഒഹാഷി. അതിലൊന്ന് സ്വന്തം കവിതകളുടെ സമാഹാരമാണ്. 

-കരീബിയൻ ക്രിക്കറ്റ് രോമാഞ്ചങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ വരിക വീവ് റിച്ചാഡ്‌സിനെയും ഗാരി സോബേഴ്‌സിനെയും ഫ്രാങ്ക് വോറലിനെയുമൊക്കെയാണ്. സെസിൽ റൈറ്റിന്റെ പേര് അവർക്കൊപ്പമെത്തില്ല. എന്നാൽ കാലദൈർഘ്യത്തിൽ അവരെയൊക്കെ പിന്തള്ളി സെസിൽ. സുഹൃത്തുക്കൾ സ്‌നേഹത്തോടെ സെക് എന്ന് വിളിക്കുന്ന പെയ്‌സ്ബൗളർ ഇക്കഴിഞ്ഞ ഇംഗ്ലിഷ് സമ്മറിനൊടുവിലാണ് വിരമിച്ചത്, എൺപത്തഞ്ചാം വയസ്സിൽ. പ്രതാപകാലത്ത് ബാർബഡോസിനെതിരെ ജമൈക്കയെ പ്രതിനിധീകരിച്ചിരുന്നു സെസിൽ. സോബേഴ്‌സിനും വെസ് ഹാളിനുമൊക്കെയെതിരെ പന്തെറിഞ്ഞു. 1959 ലാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. സെൻട്രൽ ലങ്കാഷയർ ലീഗിൽ പ്രൊഫഷനൽ കളിക്കാരനായി രജിസ്റ്റർ ചെയ്തു. ക്രോംപ്റ്റനു വേണ്ടിയാണ് കളി തുടങ്ങിയത്. പെനൈൻ ലീഗിൽ അപ്പർമില്ലിനു കളിച്ചാണ് വിരമിച്ചത്. 60 വർഷത്തിലേറെ നീണ്ട കരിയറിൽ ഏഴായിരത്തിലേറെ വിക്കറ്റെടുത്തു. ഒരു ഘട്ടത്തിൽ അഞ്ച് സീസണിനിടെ നേടിയത് 538 വലിക്കറ്റായിരുന്നു. ശരാശരി 27 പന്തിൽ ഒരു വിക്കറ്റ്. 

അടിക്കുറിപ്പ്
കാതലിൻ ഒഹാഷി
സാക് ബിറ്റർ
റകീം കോൺവാൽ


ആരും കണ്ടില്ല, ഈ പിഴവ്

2019 ലെ വിചിത്ര വാർത്തകൾ..

-സ്‌കോടിഷ് ഫുട്‌ബോൾ ലീഗിലെ ഒരു മത്സരത്തിന്റെ കിക്കോഫ് വൈകിയത് അൽപം നാറ്റക്കേസാണ്. മാനുകൾ ഗ്രൗണ്ടിൽ കാഷ്ടിച്ച് വൃത്തികേടാക്കിയതിന്റെ പേരിൽ. നയേൺ കൗണ്ടിയും ഫോർട് വില്യമും തമ്മിലുള്ള കളി വൈകിയത് ഏപ്രിലിലാണ്. ഒടുവിൽ ഫോർട് വില്യം 6-2 ന് തോറ്റു. 31 കളികളിൽ അവരുടെ ഇരുപത്തൊമ്പതാം തോൽവി.

-അര നൂറ്റാണ്ടോളമായി ഈ പിഴവ് ആരും കണ്ടില്ല. ഫ്രഞ്ച് ഓപൺ വനിതാ ടെന്നിസ് കിരീടം ഇത്തവണ ഓസ്‌ട്രേലിയക്കാരി അഷ്‌ലെയ് ബാർടി ഉയർത്തിയപ്പോഴാണ് ഒരു ഫോട്ടോഗ്രഫറുടെ ദൃഷ്ടിയിൽ ആ തെറ്റ് പതിഞ്ഞത്. ട്രോഫിയിൽ ചാമ്പ്യന്മാരുടെ പേര് രേഖപ്പെടുത്തിയ സ്ഥലത്ത് 1976 ലെ ചാമ്പ്യൻ സൂ ബാർക്കറെ ഓസ്‌ട്രേലിയക്കാരിയായാണ് എഴുതിയിരിക്കുന്നത്. ബാർക്കർ ബ്രിട്ടിഷുകാരിയായിരുന്നു. ബാർക്കർക്കു ശേഷം ഒരു ബ്രിട്ടിഷുകാരിക്കും ഫ്രഞ്ച് ഓപൺ നേടാനായിട്ടുമില്ല. പിഴവ് തെളിയിക്കുന്ന ചിത്രവുമായി ഫോട്ടോഗ്രാഫർ എല്ല ലിംഗ് ട്വീറ്റ് ചെയ്തു. എന്തുകൊണ്ട് ഇത്ര കാലം ഇത് ആരും ശ്രദ്ധിച്ചില്ലെന്നതായിരുന്നു അവരുടെ അദ്ഭുതം. 

-ഗ്രീക്ക് ബാസ്‌കറ്റ്‌ബോൾ ക്ല പനാതിനായ്‌കോസിന്റെ ഉടമ ദിമിത്രിസ് ജിയാനാകൊപൗലോസിന് 3000 യൂറോ പിഴ ലഭിച്ച കുറ്റം കേട്ടാൽ മൂക്കത്തു വിരൽ വെക്കും. എതിരാളികളായ ഒളിംപ്യാകോസിന്റെ കളിക്കാരുടെ മേശക്കു മേൽ രണ്ട് ചുവപ്പ് അണ്ടർവെയർ കൊണ്ടുവെച്ചതിനായിരുന്നു ശിക്ഷ. ഒളിംപ്യാകോസ് മത്സരം ബഹിഷ്‌കരിച്ചതിനോടുള്ള പ്രതിഷേധമായിരുന്നു അത്. ചുവപ്പ് ജഴ്‌സി ധരിച്ചാണ് ഒളിംപ്യാകോസ് കളിക്കാറ്. 

-എതിരാളികളുടെ പിന്തുണയുണ്ടെന്നു കരുതിയാണ് മെക്‌സിക്കൻ ഫുട്‌ബോൾ ക്ലബ് വേരാക്രൂസ് സമരം ചെയ്തത്. മത്സരത്തിന്റെ തുടക്കത്തിൽ മൂന്നു മിനിറ്റ് അനങ്ങാതെ നിൽക്കും. സമരത്തെ എതിരാളികളായ ടൈഗേഴ്‌സ് പിന്തുണക്കുമെന്നായിരുന്നു ധാരണ. എന്നാൽ ടൈഗേഴ്‌സ് ധാരണ ലംഘിച്ചു. മൂന്നു മിനിറ്റ് സമരത്തിനിടെ അവർ രണ്ടു ഗോളടിച്ചു. ഗോൾ നേടിയത് ഇന്റർനാഷനൽ കളിക്കാരായ എഡ്വേഡൊ വർഗാസും ആന്ദ്രെ പിയറി ജിനാക്കും. പിന്നീട് കളിച്ച് വേരാക്രൂസ് 1-1 സമനില നേടിയെങ്കിലും മൊത്തം 1-3 ന് തോറ്റു. 

-ഹോളിവുഡ് സിനിമയിൽ അഭിനയിക്കുകയാണ് ലൂയിസ് ഹാമിൽടണിന്റെ മോഹം. 'ടോപ് ഗൺ: മാവറിക്' എന്ന സിനിമയിൽ വേഷം ലഭിച്ചപ്പോൾ ഹാമിൽടന് സമയമില്ല. ഫോർമുല വൺ ചാമ്പ്യനാവുന്ന തിരക്കിലായിപ്പോയി. മുപ്പത്തിനാലുകാരൻ നേരത്തെ ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിരുന്നു. ഇത്തവണത്തേത് കൂടുതൽ വലിയ റോളായിരുന്നു.

 

-ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആസ്റ്റൺവില്ലക്കെതിരെ ലിവർപൂളിന്റെ റോബർടൊ ഫിർമിനോ നേടിയ ഗോൾ നിലനിൽക്കില്ലെന്ന് റഫറിക്ക് വീഡിയൊ റഫറിയുടെ സന്ദേശം കിട്ടി. വാർ പരിശോധന നടത്തിയ റഫറി അക്കാര്യം സ്ഥിരീകരിച്ചു. ഫിർമിനോയുടെ കക്ഷം അവസാനത്തെ വില്ല ഡിഫന്ററെക്കാളും തലനാരിഴ മുന്നിലായിരുന്നു. എങ്കിലും 94 ാം മിനിറ്റിൽ സാദിയൊ മാനേ നേടിയ ഗോളിൽ ലിവർപൂൾ ജയിച്ചു.

-ക്രൊയേഷ്യൻ ഫുട്‌ബോൾ ലീഗിൽ എൻ.കെ യെലൻഗ്രാഡിന്റെ മത്സരത്തിൽ കോഴികൾ ഗ്രൗണ്ടിൽ അതിക്രമിച്ചുകയറി. ഇവാൻ ഗാസ്‌ദെക് എന്ന കളിക്കാരൻ കോഴികൾക്ക് പിറകെ ഓടി ഒന്നു രണ്ടെണ്ണത്തിനെ ചവിട്ടിക്കൊന്നു. 

 

-ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ നടന്ന മത്സരം ഏറെ നേരം മുടങ്ങിയത് വിചിത്ര കാരണത്താലാണ്. തേനീച്ചകളുടെ കൈയേറ്റം. ഡറമിലെ ഗ്രൗണ്ടിൽ തേനീച്ചകൾ കുറച്ചു സമയം അടക്കിവാണു. നിലത്തു കിടന്നാണ് കളിക്കാർ തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. 

Latest News