ന്യൂദൽഹി- പൗരത്വഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന അയവില്ലാതെ ഇന്നും ദൽഹി. ഉത്തർപ്രദേശിലെ രാംപുരിൽ ഇന്നും പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടി. ടിയർ ഗ്യാസും ബാറ്റണും ഉപയോഗിച്ചാണ് പ്രക്ഷോഭകരെ പോലീസ് നേരിട്ടത്. ഉത്തർപ്രദേശിലെ ഭവൻ, ദക്ഷിണ ദൽഹിയിലെ ചാണക്യപുരി എന്നിവടങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഒൻപത് പേരെയാണ് യു.പിയിൽ പോലീസ് വെടിവെച്ചുകൊന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ മുപ്പത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു. അതിനിടെ ദൽഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിൽ ഇന്ന് വീണ്ടും പ്രതിഷേധം അരങ്ങേറി.
രാംപുരിലെ ഈദ്ഗാഹ് മേഖലയിൽ സംഘർഷമുണ്ടായതോടെ അധികൃതർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ചെന്നൈയിലെ സെൻട്രൽ സ്റ്റേഷന് സമീപത്ത് ഇരുന്നൂറോളം വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷം രൂക്ഷമായ ലഖ്‌നൗവിൽ ഇന്ന് തൃണമുൽ കോൺഗ്രസിന്റെ പ്രതിനിധി സംഘം സന്ദർശനം നടത്തി. അതേസമയം, പോലീസ് ആർക്ക് നേരെയും വെടിവെച്ചിട്ടില്ലെന്നും പ്രക്ഷോഭകർ തന്നെയാണ് വെടിയുതിർത്തത് എന്നുമാണ് യു.പി പോലീസ് പറയുന്നത്.