ന്യൂദൽഹി- ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള മരണ രജിസട്രേഷന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. എന്നാല്‍ മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തിരിച്ചറിയൽ തിരിമറി തടയുന്നതിനാണ് മരണത്തിനും ആധാർ നിർബന്ധമാക്കിയതെന്നാണ് കേന്ദ്രത്തിന്റ വിശദീകരണം. മരണപ്പെട്ട വ്യക്തിയെ സംബന്ധിച്ച ആധികാരികവും സുതാര്യവുമായ വിവരങ്ങൾ നിലനിർത്താൻ ഈ നടപടി സഹായകരമാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ വ്യക്തമാക്കി.
മരണമടഞ്ഞ വ്യക്തിയെക്കുറിച്ച് ബന്ധുക്കൾ സമർപ്പിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താൻ ആധാർ നമ്പർ സഹായകമാവുമെന്നു രജിസ്ട്രാർ ജനറൽ വ്യക്തമാക്കി. ആധാർ നമ്പറില്ലെങ്കിൽ ആധാറിനായി എൻറോൾ ചെയ്ത ഐഡി നൽകാം. ജമ്മു കശ്മീർ, അസം, മേഘാലയ എന്നിവ ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ഇത് ഒക്‌ടോബർ ഒന്നു മുതൽ നടപ്പിലാക്കും. അപേക്ഷിക്കുന്ന വ്യക്തിയുടെ ആധാർ നമ്പറും മരണപ്പെട്ട ആളുടെ ജീവിത പങ്കാളിയുടെയോ മാതാപിതാക്കളുടെയോ ആധാർ നമ്പറും സമർപ്പിക്കണം.
ഒക്ടോബർ ഒന്നു മുതൽ മരണം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ കോപ്പിയോ ആധാർ നമ്പറോ നൽകണം. ആധാർ ഇല്ലാത്ത വ്യക്തിയാണു മരിച്ചതെങ്കിൽ അപേക്ഷക്കൊപ്പം മരണപ്പെട്ടയാൾക്ക് തന്റെ അറിവിലും വിശ്വാസത്തിലും ആധാർ ഇല്ലെന്ന് അടുത്ത ബന്ധു സാക്ഷ്യപത്രം നൽകണം.