Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ പോലീസിനെ വട്ടംകറക്കി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍

ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹി ജുമാമസ്ജിദിനു മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ ദല്‍ഹി പോലീസിനെ വട്ടം കറക്കി ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ്. പ്രതിഷേധത്തിന് മുമ്പ് തന്നെ ചന്ദ്രശേഖര്‍ ആസാദിനായി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ദല്‍ഹിയില്‍ വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചന്ദ്രശേഖറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ജുമാ മസ്ജിദ് പരിസരത്ത് പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണവും നടത്തി. ഒപ്പം നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും ചെയ്തു. അതിനിടെ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത നിഷേധിച്ചും താന്‍ ജുമാമസ്ജിദിലുണ്ട് എന്നു വെളിപ്പെടുത്തിയും ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. അതോടെ പോലീസ് കൂടുതല്‍ ജാഗ്രതയിലായി.


ചന്ദ്രശേഖറിനെ രണ്ടു തവണ അറസ്റ്റ് ചെയ്തു എന്നു പോലീസ് അവകാശപ്പെട്ടുവെങ്കിലും വൈകുന്നേരം അഞ്ചു മണിക്ക് ശേഷവും താന്‍ ജുമാ മസ്ജിദിന്റെ പടവുകളില്‍ ഇരിപ്പുണ്ടെന്ന് ആസാദ് ട്വീറ്റ് ചെയ്തു.  ഭരണഘടനയെ തകര്‍ക്കാന്‍ മോഡിയെ അനുവദിക്കില്ല, ഭരണഘടന സംരക്ഷണത്തിന് അവസാന ശ്വാസം വരെ പോരാടുമെന്നും പറഞ്ഞു കൊണ്ടായിരുന്നു ആസാദിന്റെ ട്വീറ്റ്.
ജുമുഅ നമസ്‌കാരത്തിനു തൊട്ടു പിന്നാലെ ജുമാ മസ്ജിദിന്റെ ഒന്നാം നമ്പര്‍ ഗേറ്റിലേക്ക് ഇറങ്ങി വരുന്ന ചവിട്ടുപടികളില്‍ നൂറു കണക്കിന് ആളുകള്‍ക്കിടയില്‍ ഒരു കൈയില്‍ ഇന്ത്യന്‍ ഭരണഘടനയും മറു കൈയില്‍ ഡോ. അംബേദ്കറിന്റെ ചിത്രവുമായി ഉച്ചയ്ക്ക് 1.15ന് ചന്ദ്രശേഖര്‍ ആസാദ് പ്രത്യക്ഷപ്പെട്ടു. ആര്‍ത്തിരമ്പുന്ന പ്രതിഷേധക്കാര്‍ക്കു നടുവില്‍നിന്ന് ചന്ദ്രശേഖര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. അങ്കലാപ്പിലായ പോലീസ് ജനക്കൂട്ടത്തിനിടയിലൂടെ ആസാദിനടുത്തേക്ക് എത്താന്‍ കിണഞ്ഞു ശ്രമിച്ചു എങ്കിലും നടന്നില്ല. ദല്‍ഹി പോലീസ് പിആര്‍ഒ എം.എസ് രണ്‍ധാവ തന്നെ ഒന്നാം നമ്പര്‍ ഗേറ്റിലെത്തി ജനക്കൂട്ടത്തോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ചു. നൂറുകണക്കിന് ആളുകള്‍ ചന്ദ്രശേഖറിന് ചുറ്റുമായിനിന്നും ആയിരക്കണക്കിന് ആളുകള്‍ താഴെ റോഡിലും അണിനിരന്നതോടെ പ്രതിഷേധം ജനപങ്കാളിത്തം കൊണ്ടു വമ്പിച്ചതായി. അയ്യായിരത്തോളം ആളുകളാണ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഓള്‍ഡ് ദല്‍ഹിയില്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.  
ഉച്ചക്ക് 1.45 ആയതോടെ പോലീസിനറ ചന്ദ്രശേഖറിന്റെ അരികിലെത്തി കോളറിന് പിടിക്കാനായി. ചുറ്റും അണികള്‍ തിങ്ങിനിറഞ്ഞു നിന്നതോടെ ചന്ദ്രശേഖറുമായി പോലീസിന് അധികദൂരം മുന്നോട്ടു നീങ്ങാനായില്ല. അധികം വൈകാതെ തന്നെ ചന്ദ്രശേഖര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നു വിദഗ്ധമായി രക്ഷപ്പെട്ടുവെന്ന വിവരമാണ് പുറത്തുവന്നത്. പോലീസ് വാഹനത്തിനകത്തേക്ക് കൊണ്ടു പോകും വഴി പോലീസിനെ വെട്ടിച്ചു ജനക്കൂട്ടത്തിനിടയിലേക്ക് കുതറിമാറിയ ചന്ദ്രശേഖര്‍ ഓള്‍ഡ് ദല്‍ഹിയിലെ നിരനിരയായി തിങ്ങി നിറഞ്ഞ വീടുകള്‍ക്കകത്തേക്ക് ഓടിക്കയറുകയും അടുത്തടുത്തിരിക്കുന്ന കെട്ടിടങ്ങളുടെ ടെറസിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്തു. പോലീസ് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും ചന്ദ്രശേഖര്‍ കാണാമറയത്ത് എത്തിയിരുന്നു.


രണ്ടരയോടെ ജുമാ മസ്ജിദില്‍നിന്ന് പ്രതിഷേധം ദരിയ ഗഞ്ചിലെത്തിയപ്പോഴാണ് ആസാദിനെ വീണ്ടും പിടികൂടിയതായി പോലീസ് പറഞ്ഞത്. എന്നാല്‍, അതിനു ശേഷവും താന്‍ മസ്ജിദിന്റെ പടവുകളില്‍ ഇരിപ്പുണ്ടെന്ന് ആസാദ് തന്നെ ട്വിറ്ററില്‍ വ്യക്തമാക്കി. ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്‌തോ എന്ന ചോദ്യത്തിന് എല്ലാം പിന്നീട് പറയാമെന്ന് ദല്‍ഹി പോലീസ് പിആര്‍ഒ എം.എസ് രണ്‍ധാവ രാത്രിയും പറഞ്ഞു.

 

 

Latest News