മനില- ജയിലിലടക്കാനും തൂക്കിക്കൊല്ലാനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി)യെ വെല്ലുവിളിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ. മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ വിചാരണ കൂടാതെ ആളുകളെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ഡ്യൂട്ടര്‍ട്ടെ വിദേശികളുടെ വിചാരണയോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റിനെ വിചാരണ ചെയ്യാന്‍ ഹേഗിലെ അന്താരാഷ്ട്ര കോടതി ഇനിയും തീരുമാനമെടുത്തിട്ടില്ല. വിചാരണക്ക് നീക്കമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹം ഐ.സി.സിക്കെതിരെ ഭീഷണി ആവര്‍ത്തിക്കുന്നത്. മയക്കുമരുന്നുവേട്ടയുടെ പേരില്‍ ഡ്യൂട്ടര്‍ട്ടെ മാനവികതക്കെതിരായ കുറ്റകൃത്യങ്ങളാണ് നടത്തിയതെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി എന്നെ ജയിലിലടക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുത്തേണ്ട. വെള്ളക്കാര്‍ക്ക് ഞാന്‍ ഒരിക്കലും മറുപടി നല്‍കില്ല- സൈനിക കേഡറ്റുകളോട് നടത്തിയ പ്രസംഗത്തില്‍ ഡ്യൂട്ടര്‍ട്ടെ പറഞ്ഞു. നിങ്ങളില്‍നിന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം നല്‍കില്ല. എനിക്ക് ഫിലിപ്പിനോകളോട് മാത്രമാണ് ഉത്തരവാദിത്തം.അവരാണ് എന്നെ വിലയിരുത്തേണ്ടത്. ഞാന്‍ ചെയ്തതിന് നിങ്ങള്‍ എന്നെ തൂക്കിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ചെയ്യൂ. ഞാന്‍ അതില്‍ ആനന്ദിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലിപ്പൈന്‍സില്‍ നടന്ന പീഡനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് കഴിഞ്ഞ ജൂലൈയില്‍ അംഗീകാരം നല്‍കിയ യു.എന്‍ മനുഷ്യാവകാശ സംഘടനക്കെതിരെയും ഡ്യൂട്ടര്‍ട്ടെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു. ഐ.സി.സിക്കെതിരെ തുടര്‍ച്ചയായി വെല്ലുവിളി നടത്തുന്ന ഡ്യൂട്ടര്‍ട്ടെ പ്രോസക്യൂട്ടറെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു. മയക്കുമരുന്നു വേട്ടയുടെ പേരില്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഐ.സി.സിയുടെ പ്രോസിക്യൂട്ടര്‍ പ്രസ്താവിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ ഫിലിപ്പൈന്‍സിന്റെ അംഗത്വം 74 കാരനായ ഡ്യൂട്ടര്‍ട്ടെ ഇതിനു പിന്നാലെ പിന്‍വലിക്കുകയും ചെയ്തു. ഭീരുത്വ നടപടിയായാണ് ഇതിനെ മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തിയത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി വരികയാണെന്നും ഫിലിപ്പൈന്‍സ് പ്രസിഡന്റിനെതിരെ ഔപചാരിക അന്വേഷണം നടത്തുന്നതിനെ കുറിച്ച് 2020 ല്‍ തീരുമാനമെടുക്കുമെന്നും ഐ.സി.സി വ്യക്തമാക്കിയിരുന്നു.
മയക്കുമരുന്ന് വേട്ടകളുടെ മറവില്‍ ആസൂത്രിത കൊലപാതകങ്ങളാണ് നടന്നതെന്നും പോലീസ് അതിനു മറപിടിക്കുകയാണെന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്. അതേസമയം, ഇതു തള്ളിക്കളയുന്ന പോലീസ് 7000 പേര്‍ കൊല്ലപ്പെട്ടത് അറസ്റ്റ് ചെറുത്തതിനെ തുടര്‍ന്നാണെന്ന് അവകാശപ്പെടുന്നു.