ന്യൂദൽഹി- 1987 ജൂലൈ ഒന്നിനു മുമ്പ് ഇന്ത്യയിൽ ജനിച്ചവരെല്ലാം സ്വമേധയാ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ. അതിനു ശേഷം ജനിച്ചവരാണെങ്കിൽ അവരുടെ മാതാപിതാക്കൾ ആ തീയതിക്കു മുമ്പ് ഇന്ത്യയിൽ ജനിച്ചവരായാലും മതിയെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പൗരത്വ നിയമത്തെക്കുറിച്ച് നിലവിലെ പൗരന്മാർക്ക് ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം രാജ്യം മുഴുവൻ പരക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
പൗരത്വ നിയമ ഭേദഗതി പ്രകാരം അസം ഒഴികെ രാജ്യത്ത് എവിടെയുമുള്ള ജനങ്ങളുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരൻ ആയിരിക്കുകയോ, ആരും അനധികൃത കുടിയേറ്റക്കാരൻ അല്ലാതിരിക്കുകയോ ചെയ്താൽ അവർ ഇന്ത്യൻ പൗരന്മാരായിരിക്കും.
അതിനിടെ, രാജ്യം മുഴുവൻ പ്രതിഷേധച്ചൂടിൽ അമർന്നിട്ടും ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടു പോകുമെന്ന് ശഠിക്കുന്ന ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും സ്വന്തം പാളയത്തിൽ തന്നെ എതിർപ്പ്. ബിഹാറിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു എൻ.ഡി.എ സഖ്യകക്ഷി നേതാവ് തന്നെ എൻ.ആർ.സിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത്. പൗരത്വ നിയമത്തിനും, പൗരത്വ രജിസ്റ്ററിനുമെതിരായ രാജ്യവ്യാപക പ്രതിഷേധമാണ് നിതീഷിന്റെ നിലപാട് മാറ്റത്തിന് കാരണം. നേരത്തെ ജെ.ഡി.യുവിന്റെ കൂടി പിന്തുണയോടെയാണ് പൗരത്വ ബിൽ രാജ്യസഭയിലും ലോക്‌സഭയിലും പാസാക്കിയത്.