റാഞ്ചി - ബി.ജെ.പിക്ക് തിരിച്ചടി നൽകി, ഝാർക്കണ്ഡിൽ കോൺഗ്രസ്- ഝാർക്കണ്ഡ് മുക്തി മോർച്ച സഖ്യം അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ. ചില എക്‌സിറ്റ് പോളുകൾ കോൺഗ്രസ്- ജെ.എം.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, തൂക്കുസഭയായിരിക്കുമെന്നും, ചെറു കക്ഷികൾ നിർണായകമാവുമെന്നുമാണ് മറ്റ് പോളുകൾ നൽകുന്ന സൂചന.
ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിൽ 81 അംഗ നിയമസഭയിൽ കോൺഗ്രസ് -ജെ.എം.എം സഖ്യം 38 മുതൽ 50 സീറ്റുവരെ നേടുമെന്നാണ് പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് 22-32 സീറ്റുകളും. കേവല ഭൂരിപക്ഷത്തിന് 42 സീറ്റ് വേണം.
എ.എൻ.എസ് -സീവോട്ടർ- എ.ബി.പി എക്‌സിറ്റ് പോൾ പ്രകാരം സംസ്ഥാനത്ത് തൂക്കുസഭയായിരിക്കും. കോൺഗ്രസ്- ജെ.എം.എം സഖ്യത്തിന് 35 സീറ്റുകളും, ബി.ജെ.പിക്ക് 32 സീറ്റുകളും. ചെറുകക്ഷികൾ മൂന്ന് മുതൽ അഞ്ച് സീറ്റു വരെ നേടുമെന്നും ഈ സർവേയിൽ പറയുന്നു. അഞ്ച് ഘട്ടമായി നടന്ന പോളിംഗ് ഇന്നലെയാണ് അവസാനിച്ചത്. 23നാണ് വോട്ടെണ്ണൽ.