Sorry, you need to enable JavaScript to visit this website.

റിയാദ് സംഗീതവേദിയില്‍ ആക്രമണം നടത്തിയ വിദേശിക്ക് തീവ്രവാദ ബന്ധം

റിയാദ് - റിയാദ് സീസൺ പരിപാടിയുടെ ഭാഗമായി മലസ് കിംഗ് അബ്ദുല്ല പാർക്കിൽ സംഗീത ശിൽപം അവതരിപ്പിക്കുന്നതിനിടെ കലാകാരന്മാരെ സ്റ്റേജിൽ കയറി ആക്രമിച്ച യെമൻ പൗരന് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കുറ്റപത്രം. വ്യാഴാഴ്ച കോടതി വാദം കേട്ടത് ഈ കുറ്റപത്ര പ്രകാരമായിരുന്നു.


പ്രതികളിൽ ഒരാൾ നുഴഞ്ഞുകയറ്റക്കാരനും രണ്ടാമത്തെയാൾ സൗദിയിൽ ഇഖാമയുള്ളയാളുമാണ്. മൂർച്ചയുള്ള ആയുധവുമായി നുഴഞ്ഞുകയറ്റക്കാരനായ യെമനിയാണ് സ്റ്റേജിൽ കയറി കലാകാരനെയും സുരക്ഷ ജീവനക്കാരനെയും ആക്രമിച്ചത്.

കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നതും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സദസ്സിലിരിക്കുന്നവരെ ഭയപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്. യെമനിലെ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഇയാൾ അവിടെ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 


റിയാദ് സീസൺ പരിപാടികൾ നടത്തുന്നതിന്റെ പേരിൽ ജനറൽ എൻർടെയിൻമെന്റ് അതോറിറ്റിക്കെതിരെ ഇയാൾ മുഖംമൂടി ധരിച്ച് കവിത ചൊല്ലി വാട്‌സാപിൽ പോസ്റ്റ് ചെയ്തിരുന്നു. എ.ടി.എം കൗണ്ടറിൽനിന്ന് പണം മോഷ്ടിച്ച് യെമനിലെ തീവ്രവാദ സംഘടനക്ക് അയച്ചുകൊടുക്കാൻ ഇയാൾ ശ്രമം നടത്തി. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച് 2500 റിയാലിന് തോക്കും തിരകളും വാങ്ങുകയും പിടിച്ചുപറിയും കൊള്ളയും നടത്തുകയും ചെയ്തിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
നുഴഞ്ഞുകയറ്റക്കാരൻ ചെയ്ത ഈ കുറ്റകൃത്യങ്ങളെല്ലാം അറിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതരിൽനിന്ന് മറച്ചുവെച്ചുവെന്നതാണ് രണ്ടാമത്തെയാൾക്കെതിരെയുള്ള കേസ്. 

 

Latest News