കാസർകോട് - മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ കർണാടക പോലീസ് തടഞ്ഞുവെച്ച മലയാളി മാധ്യമ പ്രവർത്തകരെ വിട്ടയച്ചെങ്കിലും മീഡിയവൺ ചാനലിന്റെ കാർ വിട്ടു നൽകാൻ പോലീസ് തയ്യാറായില്ല. മറ്റു ചാനലുകളുടെ വാഹനങ്ങൾ വിട്ടുകൊടുത്തിരുന്നു. ഇതേ കുറിച്ച് തങ്ങൾക്കൊന്നുമറിയില്ലെന്നും കമ്മീഷണറോട് ചോദിക്കണമെന്നും മാധ്യമ പ്രവർത്തകരെ തലപ്പാടിയിൽ എത്തിച്ച പോലീസുകാർ പറഞ്ഞു.
വ്യാജ മാധ്യമ പ്രവർത്തകർ പിടിയിലായി എന്ന രീതിയിൽ കർണാടക പോലീസ് നൽകിയ വാർത്ത കേരളത്തിലെ ബി.ജെ.പി നേതൃത്വം ഏറ്റുപിടിച്ചത് ദുരൂഹത വർധിപ്പിക്കുന്നു. കുടിക്കാൻ വെള്ളം പോലും നൽകാതെയാണ് പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്നതെന്ന് വിട്ടയച്ച മാധ്യമ പ്രവർത്തകർ പറഞ്ഞു. മീഡിയ വൺ, ഏഷ്യാനെറ്റ്, 24 ചാനൽ, മാതൃഭൂമി ചാനലുകളിലെ കാസർകോട് ബ്യൂറോ റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയുമാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിൽ വ്യാഴാഴ്ച രാത്രി നടന്ന പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മംഗളൂരു വെൻലോക്ക് ആശുപത്രിക്ക് സമീപം എത്തിയതായിരുന്നു റിപ്പോർട്ടർമാരുടെ സംഘം. കസ്റ്റഡിയിൽ എടുത്ത എട്ട് മാധ്യമ പ്രവർത്തകരെ കമ്മീഷണർ ഓഫീസിൽ എത്തിച്ചു മണിക്കൂറുകളോളം തടഞ്ഞുവെക്കുകയായിരുന്നു. പിടിയിലായവർ വ്യാജ മാധ്യമ പ്രവർത്തകരാണെന്ന് വാട്‌സ്ആപ് ഗ്രൂപ്പിൽ പ്രചാരണം നടത്തിയതും പോലീസ് തന്നെയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോകനാഥ് ബെഹ്‌റ എന്നിവർ കർണാടക മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടർമാരെ വിട്ടയച്ചതും സുരക്ഷ ഉറപ്പാക്കിയതും. വ്യാജ മാധ്യമപ്രവർത്തകരാണ് മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയതെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡില്ലെന്നുമുള്ള പ്രചാരണമാണ് മംഗളൂരു പോലീസും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയത്. കലാപമുണ്ടാക്കാൻ വന്നവരാണ് ഈ മാധ്യമപ്രവർത്തകർ എന്ന രീതിയിലും പ്രചാരണം നടന്നു. തുടക്കത്തിൽ നിരവധി ഇടപടലുകൾ ഉണ്ടായിട്ടും മാധ്യമപ്രവർത്തകരെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായില്ല. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ അടക്കം പിടിച്ചുവെച്ചിരുന്നു. മംഗളൂരുവിലെ സാഹചര്യങ്ങൾ സംബന്ധിച്ച വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് സിറ്റി പോലീസ് കമ്മീഷണർ ഡോ. പി.എസ് ഹർഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കർഫ്യൂ മാധ്യമപ്രവർത്തകർക്കും ബാധകമാണെന്നായിരുന്നു പോലീസിന്റെ നിലപാട്.