മെല്‍ബണ്‍- ഓസ്‌ട്രേലിയയില്‍ കാര്‍ അപകടത്തില്‍ മലയാളി നവദമ്പതികള്‍ കൊല്ലപ്പെട്ടു. കൂനാബാര്‍ബറിനില്‍ താമസിച്ചിരുന്ന കൊച്ചി വെങ്ങോല തോമ്പ്ര ആല്‍ബിന്‍ ടി. മാത്യു (29), ഭാര്യ നിനു (28) എന്നിവരാണ് മരിച്ചത്. സിഡ്‌നിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ, ഡബ്ബോയ്ക്ക് സമീപത്തുള്ള ഡനഡൂവില്‍ ഓസ്‌ട്രേലിയന്‍ സമയം വെള്ളി ഉച്ചയ്ക്ക് 12.45 നായിരുന്നു അപകടം. റോഡില്‍ നിന്ന് പുറത്തേക്ക് മാറിയ ടൊയോട്ട കാംറി സെഡാന് തീപിടിച്ചു എന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി വിഭാഗം സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ തലകീഴായി മറിഞ്ഞുകിടന്ന കാറിന് പൂര്‍ണമായും തീപിടിച്ചിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കൂനാബാര്‍ബനില്‍ നിന്ന് ഡബ്ബോയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായതെന്നും മലയാളികള്‍ പറഞ്ഞു.
അപകടം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് സാക്ഷിയായവരോ, ഡാഷ് ക്യാം ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
റിട്ട എസ്‌ഐ പി.എ മത്തായിയുടെയും വല്‍സയുടെയും മകനാണ് ആല്‍ബിന്‍ . മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്‌സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. നവംബര്‍ 12 നായിരുന്നു ഇവരുടെ വിവാഹം. 21 നാണ് ഓസ്‌ട്രേലിയയിലേക്ക് പോയത്. നിനു നഴ്‌സാണ്.