വിശാഖപട്ടണം- നാവിക സേനയുടെ രഹസ്യങ്ങള്‍ പാക്കിസ്താന് ചാരന്മാര്‍ക്ക് ചോര്‍ത്തി നല്‍കിയ ഏഴു ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥരെ ആന്ധ്ര പ്രദേശ് ഇന്റലിജന്‍സ് പിടികൂടി. നാവിക സേനാ കപ്പലുകളുടെയും മുങ്ങിക്കപ്പലുകളുടേയും ലൊക്കേഷനും അതീവ രഹസ്യ വിവരങ്ങളും ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. മൂന്ന് നാവികരെ വിശാഖപട്ടണത്തു നിന്നും രണ്ടു നാവികരെ കര്‍വാറില്‍ നിന്നും രണ്ടും നാവികരെ മുംബൈ നാവിക സേനാ കേന്ദ്രത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 2017ല്‍ സേനയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരാണ് ഇവര്‍. പാക് ചാരന്മാര്‍ ഒരുക്കിയ പെണ്‍കെണിയില്‍ 2018ലാണ് ഇവര്‍ കുടുങ്ങിയത്.
ഫേസ്ബുക്ക് വഴി നാലു യുവതികളാണ് ഇവരെ ആദ്യം കെണിയിലാക്കിയത്. പ്രധാനമായും സെക്‌സ് ഉള്ളടക്കമുള്ള ചാറ്റുകളും സംഭാഷണങ്ങളും വഴി ഓണ്‍ലൈന്‍ ബന്ധം ദൃഢമായതോടെ യുവതികള്‍ വ്യവസായി എന്നു പരിചയപ്പെടുത്തി രഹസ്യ പാക് ചാരനെ ഇവരുമായി ബന്ധപ്പെടുത്തി. സെക്‌സ് ചാറ്റുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ഇതിനു പകരമായി എല്ലാ മാസവും ഹവാല മാര്‍ഗം നാവികള്‍ക്ക് പണം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍-ഓക്ടോബര്‍ മാസങ്ങളിലാണ് ചാരവൃത്തി നടന്നത്. സൂചന ലഭിച്ചതോടെ ഏറെ നാളായി രഹസ്യാന്വേഷണ വിഭാഗം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. വിജയവാഡയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് വകുപ്പ് ഏഴു നാവികര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.