ബംഗളൂരു- പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം നടന്നുവരുന്നതിനിടെ വര്‍ഗീയ പ്രകോപനമുണ്ടാക്കുന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബിജെപി മന്ത്രി സി ടി രവി. ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും, ക്ഷമ നശിച്ചാല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സംഭവിച്ചതു പോലെ നടക്കുമെന്നുമാണ് രവി പറഞ്ഞത്. പ്രകോപനപരമായ പ്രസ്താവനയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുഖ്യമന്ത്രി യെഡ്യൂരപ്പ പൗരത്വ ഭേദഗതി നിയമം കര്‍ണാടകയില്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനം കത്തുമെന്ന മുന്‍ കോണ്‍ഗ്രസ് മന്ത്രിയും ഉള്ളാള്‍ എംഎല്‍എയുമായ യുടി ഖാദറിന്റെ പ്രസ്താവനയ്ക്കു മറുപടി ആയാണ് രവിയുടെ വിവാദ പ്രസ്താവന. ഗോധ്രയില്‍ എന്താണ് സംഭവിച്ചതെന്ന് ഖാദര്‍ ഓര്‍ക്കണമെന്നും ഭൂരിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും രവി പറഞ്ഞു.
മുസ്ലിംകളാണ് ഗോധ്രയില്‍ ട്രെയ്‌നിനു തീയിട്ടതെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അതിനുള്ള മറുപടി എന്താകുമെന്ന് ഗോധ്രയില്‍ കണ്ടതാണ്. ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ എന്താണ് സംഭഴിച്ചത് ഖാദര്‍ അറിയണം. അതറിയില്ലെങ്കില്‍ ഓര്‍ക്കണം- രവി പറഞ്ഞു.