Sorry, you need to enable JavaScript to visit this website.

തകര്‍ച്ചയിലേക്കു നീങ്ങിയ ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിച്ചെന്ന് മോഡി

ന്യൂദല്‍ഹി- ആറു വര്‍ഷം മുമ്പ് തകര്‍ച്ചയിലേക്കു പോയിക്കൊണ്ടിരിക്കുകയായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ കേന്ദ്ര സര്‍ക്കാര്‍ രക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമ്പദ്ഘടനയെ ഭദ്രമാക്കിയതിനു പുറമെ അച്ചടക്കെ കൊണ്ടു വന്നുവെന്നും മോഡി അവകാശപ്പെട്ടു. ദല്‍ഹിയില്‍ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചാം)യുടെ 100 വര്‍ഷങ്ങള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോഡി. സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവുണ്ടായി എന്ന് കണക്കുകള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് മോഡിയുടെ ഈ പ്രസ്താവന. രാജ്യത്ത് വളര്‍ച്ചാ മാന്ദ്യമുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

അഞ്ചാറ് വര്‍ഷം മുമ്പ് നമ്മുടെ സമ്പദ്ഘടന ദുരത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ ഈ സമ്പദ്ഘടനയെ രക്ഷിക്കുക മാത്രമല്ല, അച്ചടക്കം കൊണ്ടു വരാനുള്ള ശ്രമങ്ങളും നടത്തി. വ്യവസായ മേഖലയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുന്നതിലും ഞങ്ങള്‍ ശ്രദ്ധ ചെലുത്തി- മോഡി പറഞ്ഞു. ഇന്ന് കര്‍ഷകരേയും വ്യവസായികളേയും തൊഴിലാളികളേയും കേള്‍ക്കുന്ന ഒരു സര്‍ക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. 13 ബാങ്കുകള്‍ വീണ്ടും ലാഭമുണ്ടാക്കാന്‍ തുടങ്ങിയത് സര്‍ക്കാരിന്റെ നടപടികളെ തുടര്‍ന്നാണെന്നും മോഡി അവകാശപ്പെട്ടു. 


 

Latest News