മംഗളൂരു/ലഖ്‌നൗ- പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ മൂന്നു മരണം. രണ്ടു പേര്‍ മംഗളൂരുവിലും ഒരാള്‍ ലഖനൗവിലുമാണ് മരിച്ചത്. മംഗളൂരുവില്‍ ജലീല്‍ കുഡ്രോളി (49), നൗഷീന്‍ (23) എന്നിവരാണ് മരിച്ചത്.
പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനൊരുങ്ങിയവര്‍ക്കു നേരെയാണ് വെടിവെച്ചതെന്ന് പറയുന്നു. വെടിവെപ്പിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്. പോലീസ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
ലഖ്‌നൗവില്‍ വെടിവെപ്പില്‍ പരിക്കേറ്റയാള്‍ കെ.ജി.എ.യു ആശുപത്രിയിലെ ട്രോമാ കെയറിലാണ് മരിച്ചത്. ഇയാള്‍ മരിച്ചത് പോലീസ് വെടിയേറ്റായിരിക്കാന്‍ ഇടയില്ലെന്ന് യു.പി ഡി.ജി.പി ഒ.പി സിംഗ് പറഞ്ഞു. പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഹസ്രത്ത് ഗഞ്ചില്‍ പ്രക്ഷോഭകര്‍ പോലീസിനു നേരേ കല്ലെറിയുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.