Sorry, you need to enable JavaScript to visit this website.

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരക്കോടി തട്ടി 

കട്ടപ്പന- മനുഷ്യക്കടത്തിന് സമാനമായി കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളുള്‍പ്പെടെ 66 മലയാളികളെ ഖത്തറിലെത്തിച്ച് യുവതി തട്ടിയെടുത്തത് മൂന്നരക്കോടി രൂപ. കട്ടപ്പന വള്ളക്കടവ് കണ്ടത്തില്‍ അന്നമ്മ ജോര്‍ജ് (സിനി കുന്നപ്പള്ളില്‍ 36) പ്രധാനകണ്ണിയായ രാജ്യാന്തര സംഘമാണ് തട്ടിപ്പിനു പിന്നില്‍. ഇവര്‍ ഒളിവിലാണ്. ഇടുക്കിയിലെ വിവിധ മേഖലകളിലും കണ്ണൂര്‍, പാലാ, അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. വ്യാജ വിസ കാണിച്ച് ഒരാളില്‍ നിന്ന് അഞ്ചു മുതല്‍ ആറര ലക്ഷം വരെ വാങ്ങിയിരുന്നു. ഖത്തറില്‍ കുടുങ്ങിയവരില്‍ 18 പേര്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയും ബാക്കിയുള്ളവര്‍ സ്വന്തം പണം മുടക്കിയുമാണ് നാട്ടിലെത്തിയത്. തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്നമ്മ ജോര്‍ജ് വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും എല്ലാം തള്ളി. നാട്ടിലെത്തിയശേഷം തട്ടിപ്പിനിരയായവരില്‍ ചിലരെ കാനഡയില്‍ വിടാമെന്നു തെറ്റിദ്ധരിപ്പിച്ച് കൊല്ലം പത്തനാപുരത്തുള്ള മറ്റൊരു ഏജന്‍സിയില്‍ കൊണ്ടുപോയെന്നും വിവരമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കാനഡയിലെ പെട്രോ കാനഡ എന്ന കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് അന്നമ്മ ആളുകളെ ബന്ധപ്പെട്ടത്. 'എക്സ്പ്രസ് വിസാസ്' എന്ന കമ്പനിയുടെ റിക്രൂട്ട്‌മെന്റ് മാനേജരായി തന്നെ നിയമിച്ചുവെന്നുള്ള വ്യാജ രേഖകള്‍ കാണിച്ചാണ് ഉദ്യോഗാര്‍ഥികളെയും മാതാപിതാക്കളെയും പാട്ടിലാക്കിയത്.  കമ്പനിയുടെ ഉടമയെന്ന് പരിചയപ്പെടുത്തിയ ഓം അഗര്‍വാളുമായി സംസാരിക്കാന്‍ പല ഉദ്യോഗാര്‍ഥികള്‍ക്കും അവസരവുമൊരുക്കി. ഇന്ത്യയില്‍ നിന്ന് നേരിട്ടു വിസ കിട്ടാത്തതിനാല്‍ ഖത്തര്‍ വഴിയേ പോകാനാകൂവെന്നായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്ന് വിസയുടെ പകുതി തുകയായ മൂന്നുലക്ഷം രൂപ ആളുകളില്‍ നിന്ന് കൈപ്പറ്റി. ചിലര്‍ മുഴുവന്‍ തുകയും നല്‍കി. തുടര്‍ന്ന് സെപ്റ്റംബര്‍ 22, 23 തീയതികളിലായി 15 പേരടങ്ങുന്ന സംഘം വീതം 30 പേര്‍ നെടുമ്പാശേരിയില്‍ നിന്ന് ഖത്തറിലെത്തി. 24ന് 17 അംഗ സംഘവുമായി അന്നമ്മ ജോര്‍ജും നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. എമിഗ്രേഷനിലെ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടി നല്‍കിയ അന്നമ്മയെ വിമാനം കയറാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. ഖത്തറിലെത്തിയ 47 ഉദ്യോഗാര്‍ഥികളെ, തട്ടിപ്പ് സംഘത്തിലെ ഹരിയാന സ്വദേശി രോഹിത്ത് (സമീര്‍), നേഹ എന്നിവര്‍ ദോഹയിലെ അല്‍തുമാമയിലുള്ള പാക്കിസ്ഥാനിയുടെ വില്ലയിലെത്തിച്ചു. ഉദ്യോഗാര്‍ഥികളുടെ കൈവശമുണ്ടായിരുന്ന ആയിരം കനേഡിയന്‍ ഡോളറും പാസ്‌പോര്‍ട്ടുകളും ഫോട്ടോകളും വാങ്ങി. അന്നമ്മ ഒക്‌ടോബര്‍ ഒമ്പതിന് ഖത്തറിലെത്തി. 
ഒരാഴ്ചയ്ക്കുശേഷം വിസയും ടിക്കറ്റും കിട്ടുമെന്നും കമ്പനിയില്‍ കൂടുതല്‍ ഒഴിവുകളുണ്ടെന്നും വിശ്വസിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 19 പേരെ കൂടി ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് വിളിച്ചുവരുത്തി. ഓരോരുത്തരുടെയും വിസ തയ്യാറായതായി വിശ്വസിപ്പിച്ച് ബാക്കി പണവും വാങ്ങി. ഒക്‌ടോബര്‍ 20ന് രോഹിത്ത് പണം കബളിപ്പിച്ച് മുങ്ങിയെന്നും നാട്ടിലേക്കു മടങ്ങണമെന്നും അന്നമ്മ അറിയിച്ചു. ഇതിനിടെ നല്‍കിയ വിസ വ്യാജമാണെന്നും അന്നമ്മയും തട്ടിപ്പ് സംഘത്തില്‍പ്പെട്ടയാളാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞു.
ഖത്തറില്‍ ഭക്ഷണം പോലുമില്ലാതെ സ്ത്രീകളടക്കമുള്ളവര്‍ ഒരു മാസത്തിലേറെയാണ് ദുരിതമനുഭവിച്ചത്. എംബസിയും ഖത്തറിലെ സന്നദ്ധ സംഘടനകളും ഇടപെട്ടാണ് താമസസ്ഥലത്തെ വാടകയും ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിന്റെ പണവും നല്‍കിയത്. ആദ്യം സ്ത്രീകളെ ബന്ധുക്കളുടെ സഹായത്തോടെ ടിക്കറ്റെടുത്ത് നാട്ടിലേക്കയച്ചു. പിന്നാലെ ഭൂരിഭാഗം പേരും സ്വന്തമായി പണം മുടക്കി ടിക്കറ്റെടുത്ത് മടങ്ങി. ശേഷിച്ച 18പേര്‍ അന്നമ്മയെക്കൂട്ടി ഇന്ത്യന്‍ എംബസിയിലെത്തി പരാതി നല്‍കി. എന്നാല്‍ താനും ജോലിക്കായി മറ്റുള്ളവര്‍ക്കൊപ്പം എത്തിയതാണെന്നു അന്നമ്മ എംബസി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് നവംബര്‍ ഏഴിന് എംബസിയുടെ സഹായത്തോടെ ടിക്കറ്റെടുത്ത് 18 പേരെയും അന്നമ്മയെയും നാട്ടിലെത്തിച്ചു.തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എന്‍.ആര്‍.ഐ സെല്ലില്‍ പരാതിയും തെളിവുകളും നല്‍കി. 

Latest News