Sorry, you need to enable JavaScript to visit this website.

വിദ്വേഷത്തിനു പകരം സ്‌നേഹം; പോലീസുകാര്‍ക്ക് റോസാപ്പൂക്കളുമായി പ്രതിഷേധക്കാര്‍

ന്യൂദല്‍ഹി- അടിച്ചൊതുക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് റോസാ പൂക്കള്‍ സമ്മാനിച്ച് പ്രതിഷേധക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് ദല്‍ഹി ജന്ദര്‍ മന്ദറില്‍ പ്രതിഷേധിച്ചവരാണ് പോലീസുകാര്‍ക്കും അര്‍ധ സൈനികര്‍ക്കും പൂക്കള്‍ സമ്മാനിച്ചത്.

പോലീസുകാര്‍ എത്രവേണമെങ്കിലും ലാത്തിച്ചാര്‍ജ് നടത്തിക്കൊട്ടെ, പക്ഷേ വിദ്വേഷത്തിനു പകരം സ്‌നേഹം എന്നതാണ് തങ്ങളുടെ സന്ദേശമെന്ന് സമരക്കാര്‍ പറയുന്നു.

ദല്‍ഹി പോലീസ് തടവിലാക്കിയാല്‍ നിയമ സഹായം ലഭ്യമാക്കുമെന്ന് പറഞ്ഞ് ഏതാനും അഭിഭാഷകര്‍ പ്രതിഷേധത്തിനു പിന്തുണയുമെയെത്തിയതും ജന്ദര്‍ മന്ദറില്‍ വേറിട്ട കാഴ്ചയായി.

വിദ്യാര്‍ഥികളും പൗരാവകാശ പ്രവര്‍ത്തകരുമടക്കം വലിയ ജനക്കൂട്ടമാണ് ജന്ദര്‍ മന്ദറില്‍ എത്തിയിരുന്നത്. പൗരത്വ നിയമഭേദഗതിക്കും ജാമിഅ മില്ലിയയില്‍ നടന്ന പോലീസ് അതക്രമങ്ങളിലും പ്രതിഷേധിച്ച് ചെങ്കോട്ടയിലും മണ്ഡി ഹൗസിലും പ്രകടനം നടത്താനെത്തിയവരാണ് നിരോധനാജ്ഞ കാരണം ജനന്ദര്‍ മന്ദറിലേക്ക് നീങ്ങിയത്.
 
പുതിയ പൗരത്വ നിയമത്തിനെതിരെ നിരവധി പോസ്റ്ററുകളാണ് ജന്ദര്‍ മന്ദറില്‍ ഉയര്‍ത്തിയത്. ഇന്റര്‍നെറ്റില്ലാത്ത ഡിജിറ്റല്‍ ഇന്ത്യ, ജനങ്ങള്‍ തൊഴില്‍ ചോദിക്കുമ്പോള്‍ ലാത്തിയും അസഭ്യവും ലഭിക്കുന്നു തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ശ്രദ്ധേയമായി.

 

Latest News