വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍ പാസായി. പ്രമേയത്തിന്റെ ആദ്യഭാഗം 197നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198നെതിരെ 229 വോട്ടിനുമാണ് പാസായത്.
435 അംഗ സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റ് പാര്‍ട്ടിക്കാണു ഭൂരിപക്ഷം. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയം ഇനി യു.എസ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനക്കെത്തും. സെനറ്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകാന്‍ ഇടയില്ല. 100 അംഗ സെനറ്റ് അനുമതി നല്‍കിയാല്‍ മാത്രമാണു ജനുവരിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. എന്നാല്‍, സെനറ്റില്‍ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രമേയം തള്ളിപ്പോകാനാണു സാധ്യത.
ഇംപീച്ച്‌മെന്റിനു വിധേയനാകുന്ന മൂന്നാമത്തെ യു.എസ് പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ 17മത് പ്രസിഡന്റായിരുന്ന ആന്‍ഡ്രു ജോണ്‍സണും 42മത് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനുമാണ് മുന്‍പ് ഇംപീച്ച്‌മെന്റിനു വിധേയരായത്.
യു.എസ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണിതെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ഡെമോക്രാറ്റുകളുടെ നടപടി ഏകപക്ഷീയമാണെന്നും ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും മത്സരിക്കുമ്പോള്‍ എതിരാളിയാകാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ ഉക്രൈനില്‍ കേസന്വേഷണത്തിനായി അവിടെത്തെ പ്രസിഡന്റിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ആവശ്യമുന്നയിച്ചത്. യുഎസില്‍നിന്നുള്ള ധനസഹായം തടഞ്ഞുവെച്ചായിരുന്നു ഈ സമ്മര്‍ദമെന്നു ചൂണ്ടിക്കാട്ടി വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയാണ് കുറ്റവിചാരണ നടപടികളിലേക്കു നയിച്ചത്.