ന്യൂദൽഹി- നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ സർക്കാർ തിടുക്കം കാണിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ഇതിനേക്കാൾ ഹീനകൃത്യം ചെയ്തവർ ഇപ്പോഴും തിഹാർ ജയിലിലുണ്ടെന്നും പ്രതിയുടെ അഭിഭാഷകർ. ഈ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. ദൽഹിയിൽ വായുവും ജലവും മലിനമാണ്. അതുകൊണ്ടുതന്നെ ആയുർദൈർഘ്യവും കുറഞ്ഞിരിക്കുകയാണ്. ഉപനിഷദ് പ്രകാരം സത്യയുഗത്തിൽ ആളുകൾ 1000 വർഷം വരെ ജീവിച്ചിരുന്നു എന്നാണ്. ഇപ്പോൾ കലിയുഗമാണ്. 50 മുതൽ 60 വയസ്സുവരെ മാത്രമേ ജീവിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ എന്തിന് പ്രതികളെ തൂക്കിലേറ്റണമെന്ന് ശഠിക്കുന്നു എന്ന് എ.പി ഷാ ചോദിച്ചു.
നിർഭയയുടെ മരണമൊഴിയെയും എ.പി ഷാ ചോദ്യം ചെയ്തു. നിർഭയയുടെ ആദ്യ മൊഴിയിൽ അക്ഷയ് കുമാറിന്റെ പേരില്ല. മൂന്നാമത്തെ മരണമൊഴിയിലാണ് വിപിൻ എന്നയാൾക്ക് ശേഷം അക്ഷയുടെ പേര് വരുന്നത്. എന്നാൽ വിപിനെ കണ്ടെത്താനോ, ക്രൂരകൃത്യത്തിൽ അയാളുടെ പങ്ക് കണ്ടെത്താനോ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെ രണ്ടും മൂന്നും മരണമൊഴികൾ പറഞ്ഞു പഠിപ്പിച്ച പ്രകാരമുള്ളതാണ്. മാത്രമല്ല, പെൺകുട്ടിയ്ക്ക് നിരന്തരം മയങ്ങാനുള്ള മരുന്ന് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ മരണമൊഴി നൽകുമെന്നും അഡ്വക്കേറ്റ് ഷാ ചോദിച്ചു.
ഈ റിപ്പോർട്ട് നേരത്തെ പരിശോധിച്ചതാണെന്നും ഇക്കാര്യങ്ങളെല്ലാം വിചാരണവേളയിൽ കേട്ടതാണെന്നും ജസ്റ്റിസുമാരായ ഭാനുമതിയും അശോക് ഭൂഷണും വ്യക്തമാക്കി. ഇപ്പോഴത്തെ വാദത്തിൽ പുതുതായൊന്നുമില്ല. വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയിൽ എന്താണ് തെറ്റ് ചൂണ്ടിക്കാട്ടാനുള്ളതെന്നും കോടതി ചോദിച്ചു.
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ഹീനമാണ്. അതിന് എന്തിനാണ് വധശിക്ഷ. അതുകൊണ്ട് തെറ്റിന്റെ വേരറുക്കാനാകുമോ?. ക്രൂരകൃത്യത്തിന് പരിഹാരമാകുമോ വധശിക്ഷ. ഒരർത്ഥത്തിൽ ഇത് പ്രതികാരമാണ്. ഒരു അമ്മയ്ക്ക് ആശ്വാസം കിട്ടുമ്പോൾ പ്രതികളുടെ നാല് അമ്മമാർക്ക് മക്കളെ നഷ്ടമാകുകയാണ്. യഥാർത്ഥ പ്രതികൾ വിദ്യാഭ്യാസം ഇല്ലാത്തവരാണ്. പീഡകരായി ആരും ജനിക്കുന്നില്ല, അവർ സമൂഹത്തിന്റെ സൃഷ്ടികളാണെന്നും അഡ്വക്കേറ്റ് ഷാ പറഞ്ഞു.
പ്രതിഭാഗത്തിന്റെ വാദങ്ങൾ നേരത്തെ പല കോടതികളിൽ ഉന്നയിച്ചിട്ടുള്ളതാണെന്നും ഈ വാദങ്ങൾ തന്നെയാണ് മറ്റു പ്രതികളും ഉന്നയിച്ചതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. നിർഭയ കേസ് അപൂർവങ്ങളിൽ അപൂർവ്വമായ ഹീനകൃത്യമാണ്. അതിനാൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളിക്കളയണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. ക്രൂരകൃത്യം നടക്കുമ്പോൾ മനുഷ്യത്വത്തിനാണ് നാണക്കേടുണ്ടാകുന്നത്. ഇത്തരം കേസുകളിൽ ദയയുടെ ആവശ്യമില്ലെന്നും തുഷാർമേത്ത പറഞ്ഞു.
നേരത്തെ റിവ്യൂ ഹരജി പരിഗണിക്കുന്നതിൽ നിന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പിന്മാറിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനന്തരവൻ അഡ്വക്കേറ്റ് അർജുൻ ബോബ്‌ഡെ കേസിലുൾപ്പെട്ട മറ്റ് മൂന്നു പ്രതികളിലൊരാളുടെ റിവ്യൂ ഹരജിയിൽ നേരത്തെ കോടതിയിൽ ഹാജരായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് കേസ് കേൾക്കുന്നതിൽ നിന്നും പിൻമാറിയത്.
കേസിലെ മറ്റുപ്രതികളായ മുകേഷ് കുമാർ, വിനയ് ശർമ, പവൻകുമാർ ഗുപ്ത എന്നിവരുടെ റിവ്യൂ ഹരജികൾ സുപ്രീംകോടതി 2018 ജൂലൈയിൽ തള്ളിയിരുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ ശരിവെച്ചത്. പ്രതികളുടെ ദയാഹരജി രാഷ്ട്രപതിയും തള്ളിക്കളഞ്ഞിരുന്നു.
2013 ഡിസംബർ 16 നായിരുന്നു പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതികൾ ഓടുന്ന ബസിൽ വെച്ച് ക്രൂരമായി കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയത്. ശരീരത്തിൽ മാരക മുറിവുകളേറ്റ പെൺകുട്ടി, സിംഗപ്പൂരിൽ ചികിൽസയ്ക്കിടെയാണ് മരിച്ചത്. സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.