ന്യൂയോര്‍ക്ക്- രണ്ടു മാസം മുമ്പ് ലോകത്തൊട്ടാകെ സൈബര്‍ സുരക്ഷാ ഭീതിയിലാഴ്ത്തിയ വാണക്രൈ റാന്‍സംവെയര്‍ ആക്രമണത്തെ ഫലപ്രദമായി നേരിട്ട് ലോകത്തെ രക്ഷിച്ച സൈബര്‍ വിദഗ്ധന്‍ മാര്‍ക്കസ് ഹചിന്‍സിനെ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ അറസ്റ്റിന് വാണക്രൈ ആക്രമണവുമായി ബന്ധമില്ല. ബാങ്കിങ് വെബ്‌സൈറ്റുകളെ ആക്രമിക്കുന്നതിനായി നേരത്തെ ക്രോണോസ് എന്ന പേരില്‍ മാല്‍വയര്‍ നിര്‍മ്മിച്ച പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഹചിന്‍സ് പിടിയിലായിരിക്കുന്നത്.
മേയില്‍ ലോകമൊട്ടാകെ മൂന്ന് ലക്ഷത്തിലേറെ കമ്പ്യൂട്ടറെ നശിപ്പിച്ച വാണക്രൈ വൈറസ് ആക്രമണത്തെ തുടര്‍ന്നാണ് ഹചിന്‍സ് പ്രശസ്തനായത്. പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന വാണക്രൈയെ പിടിച്ചു കെട്ടുന്ന കില്ലര്‍ സ്വിച്ച് ഉണ്ടാക്കിയതോടെയാണ് ഹചിന്‍സിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. എന്നാല്‍ അറസ്റ്റിന് വാണക്രൈയുമായി ഒരു ബന്ധവുമില്ല.
യുഎസിലെ ലാസ് വെഗാസില്‍ ഒരു ഹാക്കര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം യുകെയിലേക്ക് മടങ്ങാനിരിക്കെയാണ് എഫ്ബിഐ ഹചിന്‍സിനെ പിടികൂടിയത്. സൈബര്‍ സുരക്ഷാ കമ്പനിയായ ക്രിപ്‌റ്റോസ് ലോജിക് എന്ന കമ്പനി ജീവനക്കാരനാണ്. കാനഡയിലേയും യൂറോപ്പിലേയും ബാങ്കിംഗ് വെബ്‌സൈറ്റുകളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് 2015-ല്‍ ക്രോണോസ് വൈറസിനെ ഹചിന്‍സ് സൃഷ്ടിച്ചുവെന്നാണ് എഫ്ബിഐ ആരോപിക്കുന്നത്. മറ്റൊരാളുമായി ഗൂഢാലോചന നടത്തിയെന്നും കേസില്‍ പറയുന്നു.