ന്യൂദല്‍ഹി- അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് 36 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വക്കീല്‍ കുപ്പായമിട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വാദിക്കാനാണ് ഗൊഗോയ് അഭിഭാഷകനായി ബുധനാഴ്ച സുപ്രീം കോടതിയിലെത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തെ സഹായിക്കാനാണ് ഗൊഗോയ് എത്തിയത്. അസമില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായ ഗൊഗോയ് അവസാനമായി അഭിഭാഷക വേഷത്തില്‍ കോടതിയിലെത്തിയത് 1983ലായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ പ്രക്ഷോഭം നടന്ന സംസ്ഥാനമാണ് അസം. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഈ നിയമം വിവേചരപരമാണെന്ന തരുണ് ഗൊഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നു. അസമില്‍ ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും പരസ്പര വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ഛന്‍ വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്നത് മകനും കോണ്‍ഗ്രസ് എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് ട്വിറ്ററിലൂടെ ആദ്യം അറിയിച്ചത്.