കൊൽക്കത്ത- രാജ്യത്തിന് തീയിടുക എന്നതല്ല, തീയണക്കുക എന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജോലിയെന്ന് ഓർമ്മിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തുടർച്ചയായ മൂന്നാം ദിവസവും ബംഗാളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേതൃത്വം നൽകി മമത തെരുവിലാണ്. ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച റാലിയിൽ അണിചേർന്നത്.
ബംഗാളിൽ പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും അനുവദിക്കില്ലെന്നും മമത മുന്നറിയിപ്പ് നൽകി. 'ആരോടും സംസ്ഥാനം വിട്ടുപോകാൻ ആവശ്യപ്പെടില്ല. എല്ലാ മതങ്ങളുടെയും ജാതികളുടെയും കൂട്ടായ നിലനിൽപ്പിലാണു ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്ത്യയിലെ പൗരന്മാരാണു നമ്മൾ. അതാരും എടുത്തുകൊണ്ടുപോവില്ല.' മമത പറഞ്ഞു.