ന്യൂദൽഹി- ദൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അക്ഷയ് സിംഗിന് നൽകിയ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. അക്ഷയ് നൽകിയ പുനപരിശോധന ഹരജി കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 2017-ലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. ഈ വിധിയിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി പ്രതികളെ തൂക്കിക്കൊല്ലാൻ സർക്കാർ തിടുക്കം കാണിക്കുകയാണെന്ന് പ്രതിഭാഗം ആരോപിച്ചു. കേസിന്റെ തുടക്കം മുതൽ രാഷ്ട്രീയ സമർദ്ദം പ്രകടമാണെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം, ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെ്‌നും ദയാഹരജി നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നതെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ശിക്ഷ ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. 2012 ഡിസംബർ 16നാണ് പാരാ മെഡിക്കൽ വിദ്യാർഥിനിയെ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. ആറു പേരായിരുന്നു കേസിലെ പ്രതികൾ. ഒന്നാം പ്രതി റാം സിംഗ് 2013 മാർച്ചിൽ തിഹാർ ജയിലിൽ മരിച്ചു. പ്രതികളായ മുകേഷ്, വിനയ് ശർമ, അക്ഷയ്കുമാർ സിംഗ്, പവർ ഗുപ്ത എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. മറ്റൊരു പ്രതിക്ക് കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല.