കണ്ണൂർ കാൽടെക്‌സിൽ ദേശീയ പാത ഉപരോധിച്ച ഹർത്താൽ അനുകൂല സംഘടനയിലെ
വനിതാ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുന്നു.കണ്ണൂർ - ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് മുഖ്യമന്ത്രിയുടെ പിൻതുണയുണ്ടെന്ന് ഹർത്താൽ അനുകൂലികൾ.
കണ്ണൂർ കാൽടെക്‌സിൽ പ്രകടനമായെത്തി റോഡ് ഉപരോധിച്ചവരെ അറസ്റ്റു ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെ സമരത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ഒരാളാണ് ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റിനെ ചെറുത്ത് പരസ്പരം ചേർത്തു പിടിച്ച് റോഡിൽ കിടന്ന ഇവർ പോലീസിനെതിരെ പ്രതിരോധം തീർക്കുകയും ചെയ്തു.
ഈ സമരം നീതിക്കുവേണ്ടിയാണ്. ഈ സമരത്തിന് മുഖ്യമന്ത്രിയുടെ പിൻതുണയുണ്ട്. രാജ്യത്തിന് വേണ്ടി സമരം നടത്തുന്നവരെ അറസ്റ്റു ചെയ്യില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ ഈ മുഖ്യമന്ത്രിയെ വിശ്വസിക്കുന്നു. രാജ്യത്ത് ജീവിക്കാൻ കഴിയില്ലെങ്കിൽ മരിക്കാനും തയ്യാറാണെന്നായിരുന്നു ഒരു സ്ത്രീയുടെ വാക്കുകൾ.
ഇത് പൊതുസമൂഹത്തിന് വേണ്ടിയാണെന്നും, ഹർത്താൽ നടത്തുകയല്ലാതെ വേറെന്തു വഴിയെന്നും, സമരം ശക്തമാക്കുമെന്നും മറ്റൊരു സ്ത്രീ പറഞ്ഞു.
എന്നാൽ ഏറെ താമസിയാതെ ഇവർ അടക്കമുള്ള സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി.