ന്യൂദൽഹി- ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ നേരിൽ കണ്ട് നിവേദനം നൽകി. പന്ത്രണ്ട് പാർട്ടികളുടെ സംയുക്ത സംഘമാണ് പ്രസിഡന്റിനെ കണ്ടത്. സമരം നടത്തിയ ജെ.എൻ.യു വിദ്യാർഥികളെ തല്ലിച്ചതച്ച പോലീസ് നടപടിയെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ചർച്ച നടത്തി. സമാധാനപരമായി നടത്തുന്ന പ്രക്ഷോഭത്തെ പോലും പോലീസ് അക്രമികളെ പോലെ നേരിടുകയാണെന്ന് സോണിയ വ്യക്തമാക്കി. ജാമിഅ മില്ലിയയിൽ ലേഡീസ് ഹോസ്റ്റലിലേക്ക് പോലും പോലീസ് അക്രമം നടത്തി. ജനാധിപത്യത്തിൽ ഇത് ഒരിക്കലും അംഗീകരിക്കില്ല. ഈ ബിൽ പിൻവലിക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി തൃണമുൽ കോൺഗ്രസ് ഡെറിക് ഒബ്രിയൻ പറഞ്ഞു. ഭരണഘടനയുടെ സൂക്ഷിപ്പ് പ്രസിഡന്റിനാണെന്നും അത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായി സീതാറാം യെച്ചൂരി പറഞ്ഞു. നിയമം പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.