ന്യൂദൽഹി- ദേശീയ പൗരത്വഭേദഗതിക്കെതിരെ തുടരുന്ന സമരം ഇന്നും അക്രമാസക്തം. ദൽഹിയിലെ സീലാംപുർ മേഖലയിൽ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ് ടിയർ ഗ്യാസും ഷെല്ലുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടർച്ചയായ രണ്ടാം ദിവസവും മാർച്ചുമായി നിരത്തിലിറങ്ങി. കൊൽക്കത്തയിലെ എട്ട്ബി ബസ് സ്റ്റാന്റിൽനിന്ന് ഹൗറയിലേക്കാണ് മമത മാർച്ച് നടത്തിയത്.
തമിഴ്‌നാട്ടിൽ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ പൗരത്വനിയമത്തിനെതിരെ റാലി നടത്തി. ദൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് നിവേദനം നൽകും. അതേസമയം, ആറു ദിവസത്തിന് ശേഷം അസമിൽ കർഫ്യൂ എടുത്തുകളഞ്ഞു. ദൽഹിയിലെ ജാഫറാബാദിൽ ഡ്രോൺ ഉപയോഗിച്ചാണ് പോലീസ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.