തിരുവനന്തപുരം- പൗരത്വഭേദഗതി നിയമത്തിനെതിരെ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരുടെ നേതൃത്വത്തിൽ സംയുക്തസമര സമിതി നടത്തുന്ന കേരളത്തിലെ ഹർത്താൽ ഭാഗികം. വയനാട്, തിരുവനന്തപുരം, ആലുവ എന്നിവടങ്ങളിൽ കല്ലേറുണ്ടായി. കണ്ണൂരിൽ ബസിന് നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്കുണ്ടായ മാർച്ചിൽ സംഘർഷമുണ്ടായി. ചിലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിലും കാസർക്കോടും സംഘർഷമുണ്ടായി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ ഹർത്താലിനെ പിന്തുണച്ചു പ്രകടനം നടത്തിയതിനു മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു കോഴിക്കോട് അറസ്റ്റിലായി. കോഴിക്കോട് സംയുക്ത സമിതി സംഘടിപ്പിച്ച പ്രകടനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ഗ്രോ വാസു അടക്കമുള്ള അറുപതോളം പേരെ അറസ്റ്റ് ചെയ്തത്. നേരത്തേ ഹർത്താലിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം എന്നു ചൂണ്ടിക്കാട്ടി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തിരുന്നു. ശാന്തൻപാറ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ തന്നെ പൂപ്പാറയിലുള്ള ഗോമതിയുടെ വീട്ടിൽ പൊലീസ് എത്തിയിരുന്നെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ വനിതാ പൊലീസ് എത്തിയാണ് ഗോമതിയെ കരുതൽ തടങ്കലിലെടുത്തത്.