Sorry, you need to enable JavaScript to visit this website.

രണ്ട് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റതായി സ്ഥിരീകരണം; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ച ദല്‍ഹിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക്‌പോലീസിന്റെ വെടിയേറ്റതായി റിപ്പോര്‍ട്ട്. ഞായറാഴ്ച നടന്ന പ്രതിഷേധത്തിനിടെ ജാമിയ മിലിയ ഇസ്ലാമിയയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഇരുവരും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, അന്വേഷണം നടത്തി വരികയാണെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. പോലീസ് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
രണ്ടു പേര്‍ക്ക് വെടിയേറ്റതായി പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ വെടിവച്ചത് പോലീസ് ഉദ്യോഗസ്ഥരാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് പോലീസ് നിലപാട്. കൂടുതല്‍ വ്യക്തതയ്ക്കായി പോലീസ് ബാലിസ്റ്റിക് വിദഗ്ധരെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  
ജാമിഅ മില്ലിയയിലെ ബി.എ വിദ്യാര്‍ഥി അജാസ് അഹമ്മദ്(20), ബി.ടെക് വിദ്യാര്‍ഥിയായ മുഹമ്മദ് ശുഹൈബ്(23)എന്നിവര്‍ക്കാണ് വെടിയേറ്റത്. തെന്ന് ഉദ്യോഗസ്ഥരും കുട്ടികളുടെ ബന്ധുക്കളും പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് ഔദ്യോഗികമായി തന്നെ നിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം രണ്ട് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നതായി ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഒരാള്‍ക്ക് നെഞ്ചിനും മറ്റൊരാള്‍ കാലിനുമാണ് പരിക്ക്. തങ്ങള്‍ക്ക് വെടിയേറ്റതായി ഇരുവരും ഡോക്ടര്‍മാരോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ യൂണിവേഴ്സിറ്റികളിലേക്ക് വ്യാപിച്ചിരിക്കെ,  പ്രതിപക്ഷ സംഘടനകള്‍ ഇന്ന് രാഷ്ട്രപതിയെ കാണും.
വിദ്യാര്‍ഥികള്‍ക്കു പുറമെ സിനിമാ രംഗത്തെ പ്രമുഖരും കൂടുതല്‍ രാഷ്ട്രീയ സംഘടനകളും സമരരംഗത്തിറങ്ങിയതോടെ പ്രതിരോധത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

 

Latest News